തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കാലാവധി പൂര്‍ത്തിയാവാന്‍ ആയതോടെ എങ്ങനെ സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കടന്നുവരാമെന്നാണ് ഗവര്‍ണര്‍ ആലോചിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
ഭീഷണി മുഴക്കി, അടിമുടി പ്രകോപനമുണ്ടാക്കുന്നതാണ് ഗവര്‍ണറുടെ നടപടി എന്നും ഗവര്‍ണറായി ഇരുന്നു കൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരവേലകള്‍ പദവിയ്ക്ക് ചേര്‍ന്ന പ്രവൃത്തിയാണോ എന്ന് സ്വയം വിലയിരുത്തണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
‘ആര്‍എസ്എസ് സംഘപരിവാര്‍ അജന്‍ഡ ഔപചാരികമായി നടപ്പാക്കുന്ന നിലപാടാണു ഗവര്‍ണര്‍ സ്വീകരിക്കുന്നത്. സംഘപരിവാര്‍ വേദികളിലാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. കേരള സര്‍ക്കാര്‍ രാഷ്ട്രീയമായി സര്‍വകലാശാലകളില്‍ ഇടപെടുന്നുവെന്നു പറയുന്നതു ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് എന്നതു ഗൗരവമുള്ളതാണ്. കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദേശം കൃത്യമായ രാഷ്ട്രീയ ഇടപെടലാണ്. അദ്ദേഹത്തിന് എവിടെനിന്നാണ് ആ പേരുകള്‍ കിട്ടിയത് എന്നതിനെപ്പറ്റി മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
‘ശബരിമലയില്‍ എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയ്യാറാക്കിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ തിരക്ക് ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍, ബസില്‍ കരയുന്ന കുട്ടിയുടെ ചിത്രം കാണിച്ച് ശബരിമലയിലെ പീഡനമായി കാണിക്കുന്ന സമീപനമുണ്ടായി. ബിജെപി നടത്തിയ വ്യാജ പ്രചാരണം കോണ്‍ഗ്രസും ഏറ്റെടുത്തു. നവ കേരള സദസ് വലിയ ജന പിന്തുണയോടുകൂടി മുന്നേറുകയാണ്. നവകേരള സദസിനെ തളര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതിപക്ഷ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
Post Your Comments