പാർലമെൻ്റ് ആക്രമണത്തിൽ ഉൾപ്പെട്ട സാഗർ ശർമ്മയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശിലെ ലഖ്‌നൗ പൊലീസ് രംഗത്തെത്തി. കഴിഞ്ഞ ദിവസം സാഗർ ശർമയുടെ വീട്ടിൽ ലഖ്‌നൗ പൊലീസ് പരിശോധന നടത്തിയിരുന്നു. താനൊരു വലിയ കാര്യം ചെയ്യാൻ പോകുകയാണെന്നും അതു ചെയ്തിട്ടു മടങ്ങി വരുമെന്നും സാഗർ വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നോടു പറഞ്ഞതായി സാഗറിൻ്റെ മാതാവ് പൊലീസിനോട് വെളിപ്പെടുത്തി.
സമുഹമാധ്യമങ്ങളിൽ സാഗർ സജീവമായിരുന്നുവെന്നും കേന്ദ്രസർക്കാരിനെതിരെ നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ രാജ്യത്തിൻ്റെ പുതിയ ചരിത്രമെഴുതുകയാണെന്ന് ആരോപിച്ച് സാഗർ സ്റ്റാറ്റസ് ഇട്ടിരുന്നതായും പൊലീസ് പറഞ്ഞു. ഭഗത് സിംഗിനെ സാഗർ തൻ്റെ ആരാധനാപാത്രമായി കണക്കാക്കിയിരുന്നെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ഹിന്ദു മതത്തെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റുകൾ സാഗറിൻ്റേതായി സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഇയാളുടെ സമുഹമാധ്യമ അക്കൗണ്ടുകളിൽ ഇതുസംബന്ധിച്ച് നിരവധി പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ലഖ്‌നൗവിലെ മനക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാംനഗർ പ്രദേശത്തെ താമസക്കാരനാണ് സാഗർ ശർമ്മയെന്നാണ് വിവരം. ഇയാൾ ഇലക്ട്രിക് ഓട്ടോറീക്ഷ ഡ്രെെവറായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ‘ഡൽഹിയിലെ പ്രതിഷേധ’ത്തിൽ പങ്കെടുക്കാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശർമ്മ വീടുവിട്ടിറങ്ങിയതായി ശർമ്മയുടെ കുടുംബാംഗങ്ങൾ പൊലീസിനോട് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം പാർലമെൻ്റിൽ നടന്ന സംഭവങ്ങളിൽ സാഗറിൻ്റെ പങ്കിനെക്കുറിച്ച് തങ്ങൾക്കൊന്നുമറിയില്ലെന്നാണ് വീട്ടുകാർ പൊലീസിനോട് വ്യക്തമാക്കിയത്.
സാഗറിൻ്റെ വീട്ടിലെത്തിയ പൊലീസ് അയാളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. പാർലമെൻ്റ് ആക്രമണത്തിൽ സാഗറിന് പങ്കുണ്ടെന്ന വിവരമറിഞ്ഞ് അയൽവാസികളും മാധ്യമപ്രവർത്തകരും ബുധനാഴ്ച വൈകുന്നേരം സാഗറിൻ്റെ വീട്ടിലെത്തിയിരുന്നു. സ്ഥലത്ത് ക്രമസമാധാനപാലനത്തിനായി ലോക്കൽ പൊലീസ് യൂണിറ്റിനെ വീടിന് സമീപം വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments