ഒഡീഷയിലെ മദ്യനിര്‍മാണ കമ്പനിയുടെ ഓഫീസുകളിലും കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുവിന്‍റെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ്. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 300 കോടി രൂപയാണ്. മൂന്ന് സംസ്ഥാനങ്ങളിലെ 10 കേന്ദ്രങ്ങളിലാണ് നാലാംദിനവും റെയ്ഡ് തുടരുന്നത്. കോണ്‍ഗ്രസിന്‍റെ രാജ്യസഭ എംപിയായ ധീരജ് പ്രസാദ് ഒളിവിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറിലധികം ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തിന്റെ വീട്ടിലുള്ളത്. റെയ്ഡ് തുടരുകയാണ്. ഒഡീഷയിലും ജാർഖണ്ഡിലുമായി കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കണക്കിൽ പെടാത്ത പണത്തിന്റെ മൂല്യം 300 കോടി രൂപ വരുമെന്ന് ശനിയാഴ്ച ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇതോടെ, ബുധനാഴ്ച ആരംഭിച്ച റെയ്ഡുകളിലെ പണം പിടിച്ചെടുക്കൽ, ഒരൊറ്റ ഓപ്പറേഷനിൽ ഏതെങ്കിലും ഏജൻസി നടത്തിയ എക്കാലത്തെയും ഉയർന്ന കള്ളപ്പണ വേട്ടയായി മാറുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ പണവും കണ്ടെടുത്തത്. പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്. ചെറുതും വലുതുമായ ഇരുന്നൂറോളം ബാഗുകളാണ് പണം പാക്ക് ചെയ്യാൻ ഉപയോഗിച്ചത്. ചില ബാഗുകൾ ഇനിയും തുറന്ന് എണ്ണാനുണ്ട്.
നോട്ടുകൾ എണ്ണുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ആദായനികുതി വകുപ്പ് ചെറുതും വലുതുമായ 40 യന്ത്രങ്ങൾ വിന്യസിക്കുകയും കൂടുതൽ വകുപ്പുകളെയും ബാങ്ക് ജീവനക്കാരെയും കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത പണം സംസ്ഥാനത്തെ സർക്കാർ ബാങ്കുകളിൽ എത്തിക്കാൻ കൂടുതൽ വാഹനങ്ങളും വകുപ്പ് ഏറ്റെടുത്തു. കൂടാതെ, ആദായനികുതി വകുപ്പിലെ 100-ലധികം ഉദ്യോഗസ്ഥരെയും ബൊലാംഗിർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
Post Your Comments