പാലക്കാട്: അർധരാത്രിയിൽ പാലക്കാട്ട് കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ്. ഇതിനെത്തുടർന്ന് സംഘർഷവും നാടകീയ സംഭവങ്ങളും. ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടു വന്നെന്ന സംശയത്തെ തുടർന്നായിരുന്നു പൊലീസിന്റെ മിന്നൽപരിശോധന. ഇക്കഴിഞ്ഞ രാത്രി 12.10നാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയത്.
വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താനാകില്ലെന്ന് നേതാക്കൾ നിലപാടെടുത്തതോടെ മടങ്ങിപ്പോയ പൊലീസ് സംഘം അരമണിക്കൂറിന് ശേഷം വനിതാ പൊലീസുകാരുമായി മടങ്ങിയെത്തി പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. അതേസമയം, ഹോട്ടലിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രവർത്തകരും സംഘടിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി.സിപിഎം, ബിജെപി നേതാക്കൾ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു.
കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലിൽ വലിയ സംഘർഷാവസ്ഥയായി. മാധ്യമ പ്രവർത്തകർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും പുറത്തു കാത്തു നിന്ന ബിജെപി, സിപിഎം നേതാക്കളെയും അകത്തേക്കു കയറ്റി വിട്ടില്ല. തുടർന്നു വീണ്ടും സംഘർഷാവസ്ഥയുണ്ടായി.
എൽഡിഎഫിലെ എ.എ.റഹീം എംപിയും മറ്റും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനോടു തർക്കിച്ചു. ബിജെപി നേതാക്കളായ വി.വി.രാജേഷ്, സി.ആർ.പ്രഫുൽ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർഥി സി.കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു. ഹോട്ടലിൽ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, ഹോട്ടലിൽ നടന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എന്നാൽ, പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എ.സി.പി വ്യക്തമാക്കി. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ അല്ല പരിശോധന നടന്നതെന്നും സാധാരണനടക്കുന്ന പതിവ് പരിശോധനയാണിതെന്നും അവർ പറഞ്ഞു. കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കളുടെ മുറികളിലും പരിശോധന നടത്തി.
Post Your Comments