കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുണ്ടറ പുനക്കന്നൂർ സ്വദേശിയായ ജാസ്മിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചക്കുവരയ്ക്കൽ തലച്ചിറ ചരുവിളവീട്ടിൽ ഷാനവാസി(49)നെയാണ് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കൊല്ലം നാലാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എസ്. സുഭാഷ് ആണ് ശിക്ഷ വിധിച്ചത്. പിഴയായി ഈടാക്കുന്ന തുക ജാസ്മിന്റെ മൂന്ന് മക്കൾക്ക് കൊടുക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ പ്രതി തലച്ചിറയിൽ ‘അസ’ എന്ന ബേക്കറി നടത്തിവരുകയായിരുന്നു. ജാസ്മിന്റെ പേരിലുള്ള വസ്തുവിൽക്കാനായി നിരന്തരമുള്ള പ്രേരണ വിഫലമായ വിരോധത്തിൽ പലപ്പോഴും ഭാര്യയുമായി വഴക്കുണ്ടാക്കുമായിരുന്നു. 2015 ജനുവരി 22-ന് രാത്രി കടയിൽ നിന്ന് ഭാര്യയുമായി മടങ്ങി വന്ന പ്രതി വീട്ടിൽ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തി രാത്രി 11.30-ന് ഉറങ്ങിക്കിടന്ന ജാസ്മിനെ തലയണ ഉപയോഗിച്ച് മുഖത്ത് അമർത്തിപ്പിടിച്ച ശേഷം വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ദൃക്സാക്ഷികളായി ആരുമില്ലാതിരുന്ന കേസിൽ ശക്തമായ സാഹചര്യതെളിവുകളുടെ ബലത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.
Post Your Comments