Latest NewsCricketIndia

‘മുഹമ്മദ് ഷമി ബിജെപിയിലേക്ക്, ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക ഉത്തർപ്രദേശിൽ നിന്നും?’- വിവരങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ താരം ബിജെപി സ്ഥാനാർത്ഥിയാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിജെപി ദേശീയ നേതാക്കളുമായി താരത്തിനുള്ള അടുപ്പമാണ് ഷമി ബിജെപിയിലേക്കെന്ന വാർത്തകൾക്ക് അടിസ്ഥാനം.

അടുത്തിടെ ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പമുള്ള ചിത്രം ഷമി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ബി ജെ പി നേതാവ് അനിൽ ബലൂനിയുടെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തിലും മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ വച്ചാണ് താരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് കൂടാതെ യു പി മുഖ്യമന്ത്രി അടുത്തിടെ മുഹമ്മദ് ഷമിയുടെ ജന്മനാടായ അംറോഹയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഉത്തരവിട്ടിരുന്നു. ഇന്ത്യയുടെ ലോകകപ്പ് തോൽവിയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി ഡ്രസ്സിംഗ് റൂമിൽ ചെന്ന് ഷമിയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചതോടെ താരത്തിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ആക്കം കൂടി.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർമാർക്കുമില്ലാത്ത റെക്കോഡ് സ്വന്തമാക്കി താരമാണ് മുഹമ്മദ് ഷമി. ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ താരം എന്ന റെക്കോഡാണ് ഷമി സ്വന്തം പേരിലാക്കിയിരുന്നത്. ജവഗൽ ശ്രീനാഥ്,​ സഹീർ ഖാൻ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡാണ് ഷമി തകർത്തത്.

ഷമിയുടെ ബിജെപിയിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് പല റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ ഷമി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഷമിയുടെ ജന്മനാടായ ഉത്തർപ്രദേശിലെ അമരാവതിയിൽ നിന്നാണ് ഷമി മത്സരിക്കാനാണ് സാധ്യത. ഷമി ബിജെപിയിൽ ചേരുകയാണെങ്കിൽ, അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പ്രധാന സംഭവമായിരിക്കും. ഷമി ഒരു മുസ്ലിം താരമാണ്, അദ്ദേഹത്തിന്റെ ബിജെപിയിൽ ചേരൽ ഇന്ത്യയിലെ മുസ്ലിം-ഹിന്ദു ഐക്യത്തിന് ഒരു സൂചനയായി കണക്കാക്കപ്പെടുമെന്നാണ് നിരീക്ഷകരുടെ പക്ഷം. അതേസമയം, ഷമി ഇതുവരെ തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button