News

നവ കേരള സദസ്സിന്റെ സംഘാടക സമിതി ഓഫീസാക്കി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപം, ആചാര ലംഘനത്തിൽ പ്രതിഷേധം

തിരുവനന്തപുരം: പൂജപ്പുര ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തെ നവകേരള സദസ്സിന്റെ സംഘാടക സമിതി ഓഫീസാക്കി മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു. നവരാത്രി ഉത്സവ സമയത്ത് വേളിമല കുമാര സ്വാമിയുടെ താൽക്കാലിക പ്രതിഷ്ഠ നടത്തുന്നതും മണ്ഡല കാലത്ത് മണ്ഡല ചിറപ്പ് നടത്തുന്നതും വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നതും ഈ സരസ്വതി മണ്ഡപത്തിൽ വച്ചായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നവകേരള സദസ്സിന്റെ നേമം മണ്ഡലം സംഘാടക സമിതി യോ​ഗം കൂടിയത് ഇവിടെയാണ്. മണ്ഡപത്തെ സംഘാടക സമിതി ഓഫീസാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് ജനകീയ സമിതി പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു യോഗം. മന്ത്രി വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഓഡിറ്റോറിയം സമീപത്തുണ്ടായിരിക്കെ, മണ്ഡപത്തിൽ യോഗം നടത്തിയതിനെതിരെയാണ് പ്രതിഷേധം. ആചാര ലംഘനമുണ്ടായ സാഹചര്യത്തിൽ മണ്ഡല ചിറപ്പ് ക്ഷേത്രത്തിനുള്ളിലേക്ക് മാറ്റിയതായി ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.

സ്വാതി തിരുനാളിന്റെ ഭരണ കാലത്ത് പുതുക്കിപ്പണിത ഈ മണ്ഡപവും ഓഡിറ്റോറിയവും കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ക്ഷേത്ര നടത്തിപ്പ് ജനകീയ ഭരണ സമിതിക്കാണ്. സംരക്ഷിത സ്മാരകം ആണെന്ന ബോർഡ് മണ്ഡപത്തിൽ കോർപറേഷൻ സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ നിർദേശ പ്രകാരമാണ് യോഗം കൂടിയതെന്ന് സംഘാടകർ പറഞ്ഞതായി പൂജപ്പുര ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.

പൂജപ്പുര സരസ്വതി മണ്ഡപത്തിനു മുന്നിൽ ഹിന്ദു ഐക്യവേദി പൂജപ്പുര നഗർ സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അനിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ തിരുമല അനിൽ, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വഴയില ഉണ്ണി, ക്ഷേത്ര സംരക്ഷണ സമിതി മേഖലാ സെക്രട്ടറി വി.റ്റി.ബിജു, വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷൻ സി. ബാബുക്കുട്ടൻ, പൂജപ്പുര ജനകീയ സമിതി രക്ഷാധികാരി വി.ജയശങ്കർ. സതീഷ് പൂജപ്പുര, തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.

പൂജപ്പുര സരസ്വതീമണ്ഡപം നവകേരളസദസിന്റെ സ്വാഗതസംഘം ഓഫീസാക്കിയതിനെതിരെ പ്രതിഷേധവുമായി ബിജെപിയും രം​ഗത്തെത്തി. ബിജെപിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ സം​ഗമം സംഘടിപ്പിച്ചു. ആരാധനാലയത്തിൽ സർക്കാർ കടന്നു കയറുന്നത് മതനിരപേക്ഷ നിലാപാടിനെതിരാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.

നവരാത്രി കാലത്ത് തമിഴ്നാട്ടിൽ നിന്ന് എഴുന്നെള്ളിച്ച് പ്രത്യേക ചടങ്ങുകളോടെ കുമാരസ്വാമിയുടെ വിഗ്രഹം വച്ച് പൂജിയ്ക്കുന്ന മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും, മന്ത്രി വി ശിവൻകുട്ടിയുടെയും ചിത്രം വച്ച് സിപിഎം പ്രവർത്തകർ പൂജ നടത്തുകയാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ് പറഞ്ഞു. നവരാത്രി സമയത്ത് വിഗ്രഹപൂജയ്ക്കും, വിജയ ദശമിനാളിലെ വിദ്യാരംഭത്തിനും മാത്രമുപയോഗിയ്ക്കുന്ന പവിത്രമായ ഇടമായ സരസ്വതീ മണ്ഡപത്തിൽ നിന്ന് സ്വാഗതസംഘം ഓഫീസ് മാറ്റിസ്ഥാപിയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button