തിരുവനനന്തപുരം: നവകേരള സദസ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ലഭിച്ച പരാതികളിൽ പരിഹാരം കാണാനായില്ല. ആലപ്പുഴ ജില്ലയില്‍ പരിഹരിച്ച പരാതികള്‍ 13.48 ശതമാനം മാത്രം. വീട് ആവശ്യപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതെങ്കിലും തദ്ദേശഭരണവകുപ്പ് ഇതെല്ലാം ലൈഫ് മിഷന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് തന്നെ തിരിച്ചയച്ചു. ചികില്‍സാ സഹായം ആവശ്യപ്പെട്ടുള്ള പരാതികളും മുഖ്യമന്ത്രിയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്ന് നിർദേശിച്ച് റവന്യൂ വകുപ്പ് ജില്ലാ കലക്ടറേറ്റിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്. ഫലത്തില്‍ എന്തെങ്കിലും നടപടിക്കായി പരാതിക്കാര്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം.
ആലപ്പുഴ ജില്ലയില്‍ നവകേരള സദസ്സ് നടന്നത് ഡിസംബർ 15,16,17 തീയതികളില്‍. ആകെ ലഭിച്ച പരാതികള്‍ അരലക്ഷത്തിലേറെയാണ്. അതായത് 52684. ഇതില്‍ 7106 പരാതികള്‍ക്ക് പരിഹാരം കണ്ടു. മൊത്തം പരാതികളുടെ 13.48 ശതമാനം മാത്രം. തീരദേശത്തെ മല്‍സ്യത്തൊഴിലാളികൾ ഉള്‍പ്പെടെ ജനങ്ങള്‍ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് തല ചായ്ക്കാനൊരിടം. എന്നാല്‍, ലഭിച്ച എല്ലാ അപേക്ഷകളെല്ലാം തദ്ദേശ വകുപ്പ് ജില്ലാ ഭരണകൂടത്തിന് തിരിച്ചയച്ചു. വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കേണ്ടത് ലൈഫ് മിഷനാണെന്നും തങ്ങളല്ലെന്നുമാണ് മറുപടി.
എങ്കില്‍ പിന്നെ ജനങ്ങളെ പെരിവെയിലത്ത് നിര്‍ത്തി ഈ പ്രഹസനം എന്തിന് വേണ്ടിയായിരുന്നു എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. എന്ത് പ്രശ്നമുണ്ടെങ്കിലും പറഞ്ഞാൽ മതി പരിഹരിക്കാം എന്ന് പറഞ്ഞായിരുന്നു ജനങ്ങളിൽ നിന്നും സർക്കാർ പരാതികൾ സ്വീകരിച്ചത്. കൂന കണക്കിനെയായിരുന്നു ഓരോ ജില്ലയിൽ നിന്നും ലഭിച്ച പരാതികൾ. ഇവയിലൊന്നും പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിനിടെയാണ്, ‘ഇവിടെയല്ല, അവിടെയാണ് അയക്കേണ്ടത്’ എന്ന് പറഞ്ഞ് സർക്കാർ തന്നെ പരാതികൾ മടക്കി അയക്കുന്നത്.
Post Your Comments