കായംകുളം: മുഖ്യമന്ത്രിയെ കാണാൻ റോഡിൽ നിന്ന വ്യാപാരിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. നവകേരള സദസ്സിനോടനുബന്ധിച്ച് മുഖ്യമന്ത്രിയും മറ്റും പോകുന്നത് കാണുന്നതിന് കടയുടെ മുമ്പിൽ നിന്ന വ്യാപാരിയെയാണ് പ്രതികൾ തലയ്ക്കടിച്ചത്. വ്യാപാരിയായ പത്തിയൂർ ഒറകാരിശ്ശേരിൽ വീട്ടിൽ അബ്ദുൾ വഹാബാണ് ആക്രമിക്കപ്പെട്ടത്.
ഇരുമ്പ് കമ്പിയും, ചുറ്റികയും ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് അബ്ദുൾ വഹാബിനെ പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. മുൻ വൈരാഗ്യം മൂലമായിരുന്നു പ്രതികൾ വ്യാപാരിയെ ആക്രമിച്ചത്. പത്തിയൂർ അശ്വതി ഭവനത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ ( 27), പത്തിയൂർ കൃഷ്ണാലയം വീട്ടിൽ തൈബു എന്നു വിളിക്കുന്ന വിഷ്ണു (26), പത്തിയൂർ ചേനാത്ത് വടക്കതിൽ ജിതിൻ (22) തുടങ്ങിയവരാണ് അറസ്റ്റിലായത്. കായംകുളം പോലീസാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കേസിലെ പ്രതിയായ അന്തപ്പൻ എന്ന് വിളിക്കുന്ന അരുണിനെ ഉൾപ്പെടെ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
Post Your Comments