നോയിഡ: നിശാപാര്‍ട്ടിയില്‍ വിഷപ്പാമ്പുകളെയും പാമ്പിൻ വിഷവും ഉപയോഗിച്ചതിന് ബിഗ് ബോസ് ഓ.ടി.ടി ജേതാവ് എൽവിഷ് യാദവിനെതിരെ കേസ്. ഇയാൾക്കൊപ്പം മറ്റ് അഞ്ച് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈകി നടത്തിയ റെയ്ഡിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എൽവിഷ് യാദവ് പാമ്പിനെ പിടിച്ച് കളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഞ്ച് കോബ്രാകൾ ഉൾപ്പെടെ ഒമ്പത് പാമ്പുകളും പാമ്പിന്റെ വിഷവും റെയ്ഡിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ബിഗ് ബോസ് ഒടിടി വിജയികളുടെ പാർട്ടികളിലേക്ക് പാമ്പുകളെ വിതരണം ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രതികൾ വെളിപ്പെടുത്തി. നോയിഡയിലെ ഫാം ഹൗസുകളിൽ പാമ്പും വിഷവും ഉപയോഗിച്ച് എൽവിഷും മറ്റുള്ളവരും വീഡിയോ ഷൂട്ട് ചെയ്തുവെന്ന് ആരോപിച്ച് പീപ്പിൾ ഫോർ അനിമൽ (പിഎഫ്‌എ) ഓർഗനൈസേഷനിലെ അനിമൽ വെൽഫെയർ ഓഫീസറായ ഗൗരവ് ഗുപ്ത നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.
ഈ വ്യക്തികൾ അനധികൃതമായി റേവ് പാർട്ടികൾ സംഘടിപ്പിക്കുകയായിരുന്നു. അവിടെ വിദേശ സ്ത്രീകളെ പാമ്പിന്റെ വിഷവും മറ്റ് തരത്തിലുള്ള മരുന്നുകളും കഴിക്കാൻ ക്ഷണിച്ചുവെന്നും PFA ഓഫീസർ ആരോപിച്ചു. എല്‍വിഷിന്‍റെ സഹായികളായ ഡൽഹി സ്വദേശികളായ രാഹുൽ, ടിറ്റുനാഥ്, ജയകരൻ, നാരായൺ, രവിനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Post Your Comments