കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസടുത്ത സംഭവത്തിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി. സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തക എന്തുകൊണ്ടാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നത് എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. മലയാള സിനിമയില്‍ ഇന്നുവരെ ഒരു സ്ത്രീയോടും മോശമായി പെരുമാറാത്ത ആളാണ് സുരേഷ് ഗോപിയെന്നും അവർ പറഞ്ഞു. മീഡിയവണ്‍ ചാനലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
‘ഞങ്ങള്‍ക്കൊക്കെ അറിയാം സുരേഷ് ഗോപി ഒരിക്കലും മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള വ്യക്തിയല്ല. സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. സുരേഷ് ഗോപി എന്ന സിനിമാക്കാരനായിട്ടേ എനിക്ക് അദ്ദേഹത്തെ കാണാന്‍ പറ്റുള്ളൂ. സുരേഷ് ഗോപി എന്ന വ്യക്തിയുടെ ഓരോ പ്രസ്താവനയ്ക്കും എതിരാണ് ഞാന്‍. പലപ്പോഴും ഞങ്ങള്‍ നേരിട്ട് കാണുമ്പോള്‍ അതിന്റെയൊക്കെ പേരില്‍ തര്‍ക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്.
പക്ഷേ ഈ വീഡിയോ കണ്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാരണം ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നുകൊണ്ടാണ് പലപ്പോഴും അദ്ദേഹം സ്ത്രീകളോട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത്. ആ പെണ്‍കുട്ടിയോട് സംസാരിക്കുമ്പോള്‍ സിനിമയ്ക്കുള്ളിലെ സ്ത്രീകളോട് സംസാരിക്കുന്നത് പോലെ സൗഹൃദത്തോടെ അവരോട് സംസാരിച്ചു എന്നാണ് എനിക്ക് തോന്നിയത്. സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരന് ഒരു രാഷ്ട്രീയക്കാരന്റെ തഴക്കവും വഴക്കവും വന്നിട്ടില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് അദ്ദേഹം. ഞാന്‍ ബ്രാഹ്‌മണനായി ജനിക്കാന്‍ ആഗ്രഹിക്കുന്നു എന്നൊക്കെയുള്ള പ്രസ്താവനകള്‍ അതിനുദാഹരണം. അദ്ദേഹം ഒരു തെറ്റായ ചിന്ത മനസില്‍ വെച്ചല്ല പെരുമാറിയത് എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ ഇതില്‍ രാഷ്ട്രീയം കാണാന്‍ എനിക്ക് പറ്റില്ല. മറിച്ച് ആ രാഷ്ട്രീയ അനുഭവമില്ലായ്മയാണ് ഇവിടെ കാണാകുന്നത്. അതുകൊണ്ടാണ് അദ്ദേഹം മാപ്പ് പറഞ്ഞത്.
സിനിമയില്‍ ഉള്ളൊരാളുടെ പക്ഷം പിടിച്ച് സംസാരിച്ചുവെന്ന് കരുതരുത്. ആ കുട്ടി അവിടെ വെച്ച് തന്നെ വളരെ രൂക്ഷമായി സംസാരിക്കണമായിരുന്നു. പക്ഷേ അവര്‍ വളരെ ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. അപ്പോള്‍ ഞാന്‍ വിചാരിച്ചു പ്രശ്‌നം ഒന്നുമില്ലെന്ന്. അദ്ദേഹം കൈ വെച്ചപ്പോള്‍ പുറകോട്ട് പോയ ശേഷം അവര്‍ വീണ്ടും തിരിച്ചുവന്ന് ചോദ്യം ആവര്‍ത്തിക്കുകയാണ് ചെയ്തത്. അല്ലാതെ ഇതിനോട് പ്രതികരിക്കുകയല്ലല്ലോ ചെയ്തത്. രൂക്ഷമായി പ്രതികരിച്ചിരുന്നുവെങ്കില്‍ തെറ്റായി പോയി, ക്ഷമ ചോദിക്കുന്നുവെന്ന് അവിടെ വെച്ച് തന്നെ സുരേഷ് ഗോപിക്ക് പറയാനൊരു അവസരം ഉണ്ടായേനെ.
ഇവിടെ രാഷ്ട്രീയക്കാരനാകാന്‍ യോഗ്യതയില്ലാത്ത ആളാണ് സുരേഷ് ഗോപി എന്നതിനാലാണ് അദ്ദേഹം വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നത്. സുരേഷ് ഗോപിയുടെ മരിച്ച് പോയൊരു മാധ്യമപ്രവര്‍ത്തകന്റെ മകളുടെ പ്രായമുള്ളൊരാളാണ് മാധ്യമപ്രവര്‍ത്തക. തെറ്റായി എന്ന് തോന്നുന്നിടത്ത് അപ്പോള്‍ തന്നെ നമ്മള്‍ പ്രതികരിക്കണം. നിങ്ങളുടെ ഈ സ്പര്‍ശനം എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സ്‌ട്രോംഗ് ആയി പറയുകയാണ് വേണ്ടത്. അല്ലാതെ നിലവിളിക്കണമെന്നോ അലറി വിളിക്കണമെന്നോ ക്ഷുഭിതയാകണമെന്നോ അല്ല പറഞ്ഞത്’, ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചതാണ് ആരോപണത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെ, സംഭവത്തില്‍ സുരേഷ് ഗോപി മാപ്പുപറഞ്ഞിരുന്നു. തന്റെ പെരുമാറ്റം മൂലം മാധ്യമപ്രവർത്തകയ്ക്ക് ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് സുരേഷ് ഗോപി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
Post Your Comments