
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേര്‍ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തല്‍ഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരര്‍. ആദില്‍ തോക്കര്‍, അഹ്‌സാന്‍ എന്നിവരാണ് കശ്മീരി ഭീകരര്‍. രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. മൂസ മുമ്പ് രണ്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു.
അതേസമയം, ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അനന്ത്‌നാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ഐഎ സംഘം ബൈസരണില്‍ നിന്നും ഫൊറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയും ഇന്ന് ജമ്മുകശ്മീരിലെത്തുന്നുണ്ട്. അതേസമയം, പാകിസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതുവരെ ജവാനെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ കൃഷി ചെയ്യുന്നവരെ സഹായിക്കാന്‍ പോയ ജവാനാണ് പാകിസ്ഥാന്‍ പിടിയിലായത്. ജവാന്റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഫ്‌ളാഗ് മീറ്റിംഗ് വഴി ചര്‍ച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്.
Post Your Comments