കൊച്ചി: സിനിമ റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി നടൻ ബാല രംഗത്ത്. സിനിമാ നിരൂപണം വല്ലാതെ കൈവിട്ട് പോകുന്നു എന്നും നെഗറ്റീവ് റിവ്യൂകൊണ്ട് പാവപ്പെട്ടവന്റെ ചോറാണ് ഇല്ലാതെയാവുന്നത് എന്നും ബാല പറയുന്നു. കൊറോണ സമയത്ത് സിനിമയില്ലാത്തപ്പോൾ സിനിമയിലെ ടെക്നിഷ്യൻസ് എന്താണ് ചെയ്തതെന്ന് ആർക്കെങ്കിലും അറിയുമോ എന്നും അവരുടെ കുടുംബം എങ്ങനെയാണ് ജീവിച്ചതെന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ എന്നും ബാല ഒരു അഭിമുഖത്തിൽ ചോദിച്ചു.
ബാലയുടെ വാക്കുകൾ ഇങ്ങനെ;
‘ഞാൻ ഇത്രയെ പറയുന്നുള്ളു. സിനിമാ നിരൂപണം നടത്തുന്നവർ ഒരു സിനിമ കണ്ടിട്ട് അവരുടെ വ്യക്തിപരമായ അഭിപ്രായം ഒരു പൊതു അഭിപ്രായമായി പറയരുത്. അതിന് ആർക്കും അവകാശമില്ല. എല്ലാവർക്കും ഒരു തലയും ഒരു മൈൻഡുമാണ് ഉള്ളത്. അവർ ചിന്തിക്കുന്നത് മാത്രം നിയമമല്ല. ഇത് കൈവിട്ട് പോകുന്നുണ്ട്. ഒരു സിനിമയെ കുറിച്ച് എടുത്ത് ചാടി അഭിപ്രായം പറയരുത്.
മമ്മൂട്ടി, മോഹൻലാൽ, രജനി, വിജയ് തുടങ്ങി എല്ലാ ഭാഷയിലെയും സൂപ്പർ താരങ്ങളെ ഇതൊന്നും ബാധിക്കില്ല. വളർന്നു വരുന്ന പുതിയ ആളുകൾക്കാണ് ഇത് വലിയ ബുദ്ധിമുട്ടാവുക. അവർ പിന്നെ എങ്ങനെ മുന്നോട്ട് പോവും. ഈയിടെ ആർഡിഎക്സ് എന്ന ഒരു സിനിമ ഇറങ്ങി. അതിലെ ഒരു നടനെ കുറിച്ച് എന്തൊക്കെയാണ് മോശമായി പറഞ്ഞിരുന്നത്. ആ സിനിമ കണ്ടിട്ട് ഇതിൽ ഒന്നുമില്ല വെറുമൊരു അടിപടമാണെന്ന് പറഞ്ഞാൽ ആ സിനിമ പരാജയപ്പെടില്ലേ. പക്ഷെ മലയാളികൾ ആ സിനിമ ഒരുപാട് ആഘോഷിച്ചില്ലേ.
കൊറോണ സമയത്ത് സിനിമയില്ലാത്തപ്പോൾ സിനിമയിലെ ടെക്നിഷ്യൻസ് എന്താണ് ചെയ്തതെന്ന് ആർക്കെങ്കിലും അറിയുമോ. അവരുടെ കുടുംബം എങ്ങനെയാണ് ജീവിച്ചതെന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ. സിനിമാ റിവ്യൂ നടത്തുന്നവർ അവരെ പോയി സഹായിച്ചിരുന്നോ. ഞാൻ സംസാരിക്കുന്നത് പാവപ്പെട്ടവർക്ക് വേണ്ടിയാണ്. നെഗറ്റീവ് റിവ്യൂ മമ്മൂട്ടിക്കും മോഹൻലാലിനും പ്രശ്നമല്ല. ആസ്തിയെല്ലാം വിറ്റിട്ട് ഈ തൊഴിലിൽ വിശ്വസിച്ച് സിനിമ ചെയ്യാൻ ഇറങ്ങുന്നവരുടെ ചോറാണ് ഇല്ലാതെയാവുന്നത്,’
Post Your Comments