തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി കെ ടി ജലീൽ. കളമശ്ശേരിയിൽ ഉണ്ടാക്കിയ ബോംബ് സ്‌ഫോടനം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കുറ്റക്കാർ ഏതു മാളത്തിൽ പോയി ഒളിച്ചിരുന്നാലും അവരെ നിയമത്തിന്റെ മുന്നിൽ എത്രയും വേഗം എത്തിക്കണം. ആരായാലും അവർക്ക് നിയമം ഉറപ്പാക്കുന്ന കടുത്ത ശിക്ഷ നൽകണം. കേരളത്തിന്റെ മതേതര മഹിമ തകർക്കാൻ സംസ്ഥാനത്തിനകത്തും പുറത്തും കോപ്പുകൂട്ടുന്ന ദുഷ്ട ശക്തികളെ ഒരു കാരണവശാലും വെറുതെ വിടരുതെന്നും ജലീൽ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
കളമശ്ശേരിയിലെ സ്‌ഫോടനം: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം.
പ്രാർത്ഥനകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോടും ഒരു വെറുപ്പില്ലാതെ ജീവിക്കുന്നവർ. വർഗ്ഗീയത തൊട്ടു തീണ്ടാത്തവർ. ദേശാതിർത്തികളുടെ അതിർവരമ്പുകൾക്ക് അതീതമായി എല്ലാവിഭാഗം മനുഷ്യരോടും സൗഹാർദ്ദത്തിൽ ജീവിക്കുന്ന പരമസാത്വികർ. ഇസ്രായേലടക്കം പലരാജ്യങ്ങളിലും കൊടിയ പീഢനങ്ങൾക്ക് ഇരയാകുന്നവർ.
പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങളില്ലാത്തവർ. പണത്തോട് ഒട്ടും ആർത്തിയില്ലാത്തവർ. അധികാര സ്ഥാനങ്ങളിൽ അഭിരമിക്കാർ മതത്തെ ദുരുപയോഗം ചെയ്യാത്തവർ. ശുപാർശകരുടെ വേഷമിട്ട് ഒരാളെയും സമ്മർദ്ദത്തിലാക്കാത്തവർ. എടുത്തുപറയത്തക്ക ഒരു വിദ്യാലയമോ ഏതെങ്കിലും കച്ചവടവൽകൃത സ്ഥാപനങ്ങളോ സ്വന്തമായി കൈവശം വെക്കാത്തവർ. ദൈവത്തോടുള്ള പ്രാർത്ഥനകൾക്ക് ഇടയാളനെ ആശ്രയിക്കാത്തവർ. കേരളീയ സമൂഹത്തിലെ ഒരു ന്യൂനാൽ ന്യൂനപക്ഷം. തീർത്തും നിരുപദ്രവകാരികൾ. ആരോടും ഒരു ഏറ്റത്തിനും നിൽക്കാത്തവർ. യഹോവാ സാക്ഷികളെ കുറിച്ചുള്ള വിശേഷണങ്ങൾ ഇനിയുമുണ്ട് നിരവധി.
ആ പഞ്ചപാവങ്ങളുടെ ജീവനെടുക്കാൻ ലക്ഷ്യമിട്ട് കളമശ്ശേരിയിൽ ഉണ്ടാക്കിയ ബോംബ് സ്‌ഫോടനം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണ്.
കുറ്റക്കാർ ഏതു മാളത്തിൽ പോയി ഒളിച്ചിരുന്നാലും അവരെ നിയമത്തിന്റെ മുന്നിൽ എത്രയും വേഗം എത്തിക്കണം. ആരായാലും അവർക്ക് നിയമം ഉറപ്പാക്കുന്ന കടുത്ത ശിക്ഷ നൽകണം. കേരളത്തിന്റെ മതേതര മഹിമ തകർക്കാൻ സംസ്ഥാനത്തിനകത്തും പുറത്തും കോപ്പുകൂട്ടുന്ന ദുഷ്ട ശക്തികളെ ഒരു കാരണവശാലും വെറുതെ വിടരുത്.
Read Also: കൈയിൽ അരിവാളും തലയിൽ ചുവപ്പ് കെട്ടുമായി ഛത്തീസ്ഗഡിലെ നെൽ കർഷകർക്കൊപ്പം രാഹുൽ ഗാന്ധി
Post Your Comments