KollamLatest NewsKerala

വീട്ടിലുളള വസ്ത്രങ്ങളും പേപ്പറും തനിയെ കത്തുന്നു, ഭയന്ന് താമസം മാറ്റി ഒരു കുടുംബം

ആര്യനാട്: വെറുതെ കിടക്കുന്ന വസ്ത്രങ്ങളും പേപ്പറുകളും വീട്ടിൽ കത്താൻ തുടങ്ങിയതോടെ പേടിച്ച് താമസം മാറ്റി കുടുംബം. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി.സത്യന്റെ വീട്ടിലെ തീപിടിത്തത്തിൽ പകച്ച് കുടുംബവും നാട്ടുകാരും. വീട്ടുകാർ പഞ്ചായത്തിലും ആര്യനാട് പോലീസ് സ്റ്റേഷനിലും പരാതി നൽകി.

15ന് രാത്രി 9 മുതൽ ആണ് പേടിപ്പെടുത്തുന്ന സംഭവം തുടങ്ങിയത്. അലമാരയിലും സമീപത്തെ സ്റ്റാൻഡിൽ ഇട്ടിരുന്ന വസ്ത്രങ്ങളിലും ആണ് ആദ്യം തീ കത്തിയത്. പുക വന്നതിനു പിന്നാലെ വസ്ത്രങ്ങൾ കത്തുമെന്ന് സത്യൻ പറയുന്നു. വസ്ത്രങ്ങൾ വീടിന് പുറത്തിടുമ്പോൾ കുഴപ്പമില്ല. അന്ന് ഒരുപാട് വസ്ത്രങ്ങൾക്ക് തീ പിടിച്ചതായും സത്യൻ പറഞ്ഞു. അടുത്ത ദിവസവും ഇത് തുടർന്നതോടെ വീട്ടുകാർ പഞ്ചായത്തംഗം ഐത്തി അശോകനെ അറിയിച്ചു.

ഇതിനിടെ ഷോർട്ട് സർക്യൂട്ട് ആകാമെന്ന് കരുതി ഇലക്ട്രിഷ്യനെയും കണ്ടെന്ന് വീട്ടുകാർ പറയുന്നു. പരിശോധനയിൽ വയറിങ്ങിന് തകരാർ ഉള്ളതായി കണ്ടില്ല. പഞ്ചായത്തംഗം വീട്ടിൽ ഉണ്ടായിരുന്ന സമയത്തും വസ്ത്രങ്ങൾ അഗ്നിക്കിരയായി. ആര്യനാട് പൊലീസിന് പിന്നാലെ ഇലക്ട്രിസിറ്റി ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനും വീട്ടിൽ എത്തി. ഈ സമയം തീപിടിത്തം ഉണ്ടായില്ല.

അടുത്തദിവസം രാവിലെ പഞ്ചായത്തംഗം വീട്ടുകാരോട് തീപ്പെട്ടി, ലൈറ്റർ പോലുള്ള സാധനങ്ങൾ ഒളിച്ചു വയ്ക്കാൻ നിർദേശിച്ചു. ചൊവ്വാഴ്ച പ്രശ്നം ഉണ്ടായില്ല. ബുധൻ രാത്രി 9 ന് വീണ്ടും ഇത് തുടർന്നു. വ്യാഴം വൈകിട്ട് വീട്ടിൽ നടന്ന പ്രാർത്ഥനയുടെ ഒടുവിലും തീ പിടിത്തം ഉണ്ടായതായി സത്യൻ പറഞ്ഞു. വെള്ളിയാഴ്ച പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും വീട്ടുകാർ പരാതി നൽകി. അന്ന് വൈകിട്ട് അടുക്കളയിൽ ഉണ്ടായിരുന്ന പേപ്പറുകൾക്കും പ്ലാസ്റ്റിക് ചാക്കുകൾക്കും തീ പിടിച്ചത്രെ. അന്ന് രാത്രി ബന്ധു വീട്ടിലേക്ക് വീട്ടുകാർ താമസം മാറി. സത്യനും ഭാര്യ ജെ.സലീനയും മകനും ചെറുമക്കളും ആണ് വീട്ടിൽ താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button