Latest NewsKeralaNews

മോഷ്ടിച്ച കാറുമായി അപകടപരമ്പര സൃഷ്ടിച്ച് 28കാരന്‍: പോലീസ് ജീപ്പിലും ഇടിപ്പിച്ചതോടെ കുടുങ്ങി

പുനലൂർ: തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുനിന്നു മോഷ്ടിച്ച കാറുമായി പുനലൂരിൽ അപകടപരമ്പര സൃഷ്ടിച്ച 28കാരന്‍ പിടിയിൽ. കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം വിതുര തെന്നൂർ പ്രബിൻഭവനിൽ പ്രബി(28)നെ കല്ലമ്പലം പോലീസിനു കൈമാറി.

ഒട്ടേറെ വാഹനമോഷണക്കേസുകളിൽ പ്രതിയാണ് പ്രബിനെന്നും വിവിധ ജില്ലകളിലായി പല സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ കേസുണ്ടെന്നും പോലീസ് പറഞ്ഞു.

പുനലൂർ, കുന്നിക്കോട് സ്റ്റേഷനുകളിൽ ഇയാളെ പ്രതിയാക്കി കേസെടുത്തിട്ടില്ല. കാർ പുനലൂരിൽ ആറു വാഹനങ്ങളിലിടിച്ച് കേടുപാടുകൾ വരുത്തിയെങ്കിലും പരാതിക്കാർ എത്താത്തതിനാലാണ് കേസെടുക്കാത്തതെന്ന് പോലീസ് അറിയിച്ചു. എന്നാൽ പോലീസ് ജീപ്പിൽ കാറിടിച്ച് കേടുപാട് വരുത്തിയതിന് കേസെടുക്കുമെന്ന് ഇൻസ്പെക്ടർ ടി രാജേഷ്കുമാർ പറഞ്ഞു.

കല്ലമ്പലം നാവായിക്കുളത്തെ വർക്ഷോപ്പിൽനിന്നു കഴിഞ്ഞ 12-ന് മോഷണം പോയതാണ് കാർ. ശനിയാഴ്ച കാർ പുനലൂർ ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പിന്തുടർന്നു. പോലീസിന്റെ പിടിയിൽപ്പെടാതിരിക്കാൻ പായുന്നതിനിടെയാണ് കാർ പുനലൂർ വാളക്കോട്ട് പോലീസ് ജീപ്പ് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ചത്. ഇവയിൽ മൂന്നു കാറുകളും മൂന്നു ബൈക്കുകളും ഉൾപ്പെടുന്നു. ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടായതോടെ കാര്യറ വഴി പത്തനാപുരത്തേക്ക് പോകുന്നതിനിടെ കുന്നിക്കോട് സ്റ്റേഷൻ പരിധിയിലുള്ള പനമ്പറ്റയിൽ കാർ ഉപേക്ഷിച്ചു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ തിരച്ചിലിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രബിനെ പിടികൂടുകയായിരുന്നു.

ശനിയാഴ്ച രാത്രി കല്ലമ്പലത്തുനിന്നും പോലീസെത്തി പ്രതിയെ ഏറ്റെടുത്തു. മോഷ്ടിച്ച കാറും കല്ലമ്പലത്തേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button