കണ്ണൂർ: ഗാനമേളക്കിടെ കണ്ണൂർ മേയറെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദസറ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കണ്ണൂർ മേയറെയും കോർപറേഷൻ ജീവനക്കാരെയും കയ്യേറ്റം ചെയ്‌ത സംഭവത്തിൽ, അലവിൽ സ്വദേശി ജബ്ബാറിനെ(45) ആണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കലക്ടറേറ്റ് മൈതാനിയിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ ഷെരീഫിന്റെ ഗാനമേള നടക്കുന്ന വേദിയിലേക്ക് ഇയാൾ അതിക്രമിച്ച് കയറി നൃത്തം ചെയ്യുകയായിരുന്നു. ഇയാൾ ഗാനമേള ട്രൂപ്പിന്റെ ഭാഗമല്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് മേയർ അഡ്വ. ടിഒ മോഹനൻ ഇടപെട്ടത്. ഇയാളെ വേദിയിൽ നിന്ന് മാറ്റാൻ വൊളണ്ടിയർമാർക്കൊപ്പം മേയറും വേദിയിലെത്തുകയായിരുന്നു.
തുടർന്ന് പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ മേയറെ ശക്തിയോടെ പിന്നിലേക്കു പിടിച്ചുതള്ളിയത്. തുടർന്ന് ടൗൺ പൊലീസ് ജബ്ബാറിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നു വൊളണ്ടിയർമാർക്കും പരുക്കേറ്റിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Post Your Comments