KeralaLatest NewsNews

കോഴിക്കോട് 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം: ഒരു പ്രതി കൂടി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന കേസിലാണ് അറസ്റ്റ്. ചേവായൂരിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘവുമായി ബന്ധമുള്ള മലയമ്മ സ്വദേശി കോരൻ ചാലിൽ ഹൗസിൽ ശിഹാബുദീൻ കെസി (24) ആണ് അറസ്റ്റിലായത്.

ജൂലൈ 15 നാണ് ഇയാളുമായി ബന്ധമുള്ള കോട്ടപ്പുറം സ്വദേശി ഷിഹാബുദീൻ 300 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് പിടിയിലായത്. തുടർന്ന് ബെംഗളൂരുവിലെ മയക്കുമരുന്ന് വിൽപ്പനക്കാരനായ അങ്ങാടിപുറം സ്വദേശി മുഹമദ് ഹുസൈനെയും ഇടനിലക്കാരനായി പ്രവർത്തിച്ച മായനാട് സ്വദേശി രഞ്ജിത്ത് എന്നിവരെയും പിടികൂടിയിരുന്നു. ഇപ്പോൾ പിടിയിലായ ശിഹാബുദീനാണ് ഇവരുടെ കാരിയറായി പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നും ബൈക്കിലാണ് ഇയാൾ മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കൊണ്ട് വന്നിരുന്നത്.

വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്.  ഡാൻസാഫ് സ്ക്വാഡിന്റെ രണ്ടര മാസത്തെ നീരീക്ഷണത്തിനൊടുവിലാണ് ശിഹാബുദീൻ പിടിയിലായത്. പൊലീസ് പിടികൂടാതിരിക്കാൻ വീട്ടിൽ വരാതെ പലസ്ഥലങ്ങളായി മാറി മാറി താമസിക്കുകയായിരുന്നു.

കേസിൽ ഇത് വരെ നാല് പ്രതികൾ പിടിയിലായിട്ടുണ്ട്. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐ അബ്ദുറഹ്മാൻ കെ അഖിലേഷ് കെ, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത് നാർക്കോട്ടിക്ക് സെൽ എസ്ഐമാരായ ഗണേശൻ, രതീഷ് കുമാർ, സിപിഒമാരായ അഖിൽ ഒ, അഖിൽ എപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button