ന്യൂഡല്‍ഹി: ജ്വല്ലറി കവര്‍ച്ച കേസില്‍ നിര്‍ണായകമായ നടപടിയുമായി പൊലീസ്. ഛത്തീസ്ഗഡില്‍ നിന്നുള്ള രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ ഒരു ജ്വല്ലറിയില്‍ നിന്നും 25 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കപ്പെട്ടത് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു. കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ കൊടും കുറ്റവാളിയാണെന്നാണ് സൂചന. മോഷണം പോയ സാധനങ്ങള്‍ എവിടെയാണെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസ് ചിലയിടങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഭോഗല്‍ പ്രദേശത്തെ ഉംറാവു ജ്വല്ലേഴ്സില്‍ നിന്നും 25 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കപ്പെട്ടത്. തിങ്കളാഴ്ച അവധിയായതിനാല്‍ ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടെയാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് സ്ഥാപനം പൂട്ടിപോയ ഉടമ ചൊവ്വാഴ്ച രാവിലെ എത്തി തുറക്കുമ്പോഴാണ് മോഷണ വിവരം അറിയാന്‍ കഴിഞ്ഞത്.
കവര്‍ച്ച നടത്തിയത് സ്ട്രോങ് റൂമിലെ ഭിത്തിയിലൊരു വലിയ ദ്വാരമുണ്ടാക്കിയായിരുന്നു. നാല് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിലൂടെയാണ് മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ കടന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായ സ്ഥിതിയിലായിരുന്നു.
Post Your Comments