കൊല്ലം: കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും ഏജന്റും വിജിലൻസ് പിടിയിലായി. തിങ്കൾകരിക്കകം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുജിമോൻ സുധാകരൻ, ഏജന്റ് ഏരൂർ ആർച്ചൽ സ്വദേശി വിജയൻ എന്നിവരാണ് പിടിയിലായത്. 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇവർ അറസ്റ്റിലായത്.
തിങ്കൾകരിക്കകം സ്വദേശി ഷാജിയുടെ സഹോദരിയുടെ പേരിലുള്ള 30 സെന്റ് വസ്തുവിന്റെ പട്ടയം അനുവദിക്കാൻ ജനുവരിയിൽ പുനലൂർ താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. താലൂക്ക് ഓഫീസിൽ നിന്ന് റിപ്പോർട്ട് ലഭിക്കാൻ തിങ്കൾകരിക്കകം വില്ലേജ് ഓഫീസിൽ അയച്ചു നൽകിയ അപേക്ഷയിൽ മാസങ്ങളോളം നടപടി എടുത്തില്ല. അന്വേഷിച്ചപ്പോൾ വില്ലേജ് ഓഫീസിൽ 15,000 രൂപ കൈക്കൂലിയുമായി വരാൻ സുജിമോൻ സുധാകരൻ ആവശ്യപ്പെട്ടു.
പരാതിക്കാരൻ ഈ വിവരം വിജിലൻസ് കൊല്ലം യൂണിറ്റ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്. സജാദിനെ അറിയിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലെ വിജിലൻസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ചൊവ്വാഴ്ച വൈകീട്ട് 4.15 ഓടെ സുജിമോന്റെ വീട് നിർമിക്കുന്ന ഏരൂരിൽ വെച്ച് പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങി സഹായി വിജയന്റെ കൈയിൽ ഏൽപിക്കവേ പിടികൂടുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പിയെ കൂടാതെ, ഇൻസ്പെക്ടർമാരായ ജോഷി, ജയകുമാർ, ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു സക്കറിയ, ഷാജി, സുനിൽ കുമാർ, ദേവപാൽ, ഗോപൻ, അജീഷ്, സുരേഷ്, നവാസ്, സാഗർ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Post Your Comments