ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറസ്റ്റിൽ. തെലങ്കാനയിലാണ് സംഭവം. തെലങ്കാനയിലെ ട്രൈബൽ വെൽഫെയർ എഞ്ചിനിയറിംഗ് വകുപ്പിലെ ഉദ്യോഗസ്ഥ ജഗ ജ്യോതിയാണ് അറസ്റ്റിലായത്.
84,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ബില്ല് പാസാക്കാൻ വേണ്ടി കോൺട്രാക്ടറിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. ആന്റി കറപ്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥർ തന്ത്രപരമായി ഇവരെ കുടുക്കുകയായിരുന്നു. ഉദ്യോഗസ്ഥ കൈക്കൂലി പണം കൈപ്പറ്റുന്ന ദൃശ്യങ്ങൾ ആന്റി കറപ്ഷൻ ഉദ്യോഗസ്ഥർ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പിടി വീണെന്ന് മനസിലായതോടെ ഉദ്യോഗസ്ഥ കരയുന്നതും ഈ വീഡിയോയിലുണ്ട്.
ഈ ഉദ്യോഗസ്ഥക്കെതിരെ നിരവധി പരാതികൾ ആന്റി കറപ്ഷൻ സ്‌ക്വാഡിന് ലഭിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്തലീൻ നൽകിയ നോട്ടുകളാണ് ജ്യോതി കോൺട്രാക്ടറിൽ നിന്നും വാങ്ങിയത്. ഇതോടെയാണ് ഇവർ അറസ്റ്റിലാകുന്നത്. ജ്യോതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും കൈക്കൂലി പണം കണ്ടുകെട്ടിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Read Also: കുടിശിക വന്നത് ലക്ഷങ്ങള്‍, എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി
Post Your Comments