KeralaLatest NewsNews

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്ക് രൂക്ഷ വിമര്‍ശനം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ ലോകം. യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങള്‍ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും ആളുകള്‍ ചോദിച്ചു. ദിവ്യയുടെ ഫെയ്‌സ്ബുക് പേജിലെ പോസ്റ്റുകള്‍ക്കു താഴെ കമന്റുകളായാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

Read Also: നയതന്ത്ര വിള്ളല്‍: കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ

‘വിളിക്കാത്ത പരിപാടിക്ക് കയറിച്ചെന്ന് ഉദ്യോഗസ്ഥനെ ഇത്രയധികം അപമാനിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഇവര്‍ കേരളത്തിന് അപമാനം, പൊതു രാഷ്ട്രീയ രംഗത്തിന് അപമാനം, സിപിഎം എന്ന പാര്‍ട്ടിക്ക് അപമാനം’, ‘മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുകയെങ്കിലും ചെയ്യണം..നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെ..’,

‘നിങ്ങള്‍ക്ക് ഇപ്പോള്‍ സമാധാനം ആയല്ലോ അല്ലേ? നിങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് ഒഫിഷ്യല്‍ ആയി അധികാരികളെ അറിയിക്കണമായിരുന്നു, അല്ലാതെ ഒരു മനുഷ്യനെ അയാളുടെ യാത്രയയപ്പ് ചടങ്ങിനു വന്ന് അവഹേളിക്കുക അല്ല ചെയ്യണ്ടത്.’

‘ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന്‍ എടുത്തപ്പോള്‍? ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയില്‍ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോള്‍ കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവന്‍. അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല വേണ്ടത്’ – തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്.

കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയിലാണ് നവീന്‍ ബാബുവിനെ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരില്‍നിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു നവീന്‍.

കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചത്. യാത്രയയപ്പ് യോഗത്തിനു ശേഷം ഔദ്യോഗിക വാഹനത്തില്‍ താമസസ്ഥലത്തേക്കു തിരിച്ച എഡിഎം വഴിയില്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട്, ഇറങ്ങിയെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ഇന്നു പുലര്‍ച്ചെ പത്തനംതിട്ടയില്‍ എത്തേണ്ട നവീന്‍ ബാബുവിനെ കാത്ത് ബന്ധുക്കള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ട്രെയിന്‍ എത്തിയിട്ടും നവീന്‍ ബാബു ഇറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു കണ്ണൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button