Latest NewsNewsIndia

ഡൽഹി മദ്യനയക്കേസ്: തെലങ്കാന മുൻമുഖ്യമന്ത്രി കെസിആറിന്റെ മകൾ കെ. കവിത അറസ്റ്റിൽ, നാടകീയ രംഗങ്ങൾ

ഹൈദരാബാദ്: തെലങ്കാന മുൻമുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ. കവിത അറസ്റ്റിൽ. ഹൈദരാബാദിലെ കവിതയുടെ വീട്ടിൽ നടന്ന ഇ.ഡി പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കവിതയുടെ വസതിക്ക് മുന്നിൽ ബിആർഎസ് പ്രവർത്തകർ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പും തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ 100 ദിവസം തികയുന്ന ദിവസവുമാണ് ഈ അറസ്റ്റ്.

ഈ വർഷം ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് തവണ മൊഴി നൽകാൻ കവിതയ്ക്ക് സമൻസ് നൽകിയിരുന്നുവെങ്കിലും കോടതിയിൽ ഹാജരാവാൻ തയ്യാറാവാത്തതിനെ തുടർന്നാണ് ഇന്ന് ഇഡിയുടെയും ഐടി വകുപ്പിന്റെയും സംയുക്ത പരിശോധന നടന്നത്. ഉച്ചയോടെ കവിതയെ കസ്റ്റഡിയിലെടുക്കുകയും വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം, ഇതേ കേസിൽ ഇഡി സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. കേസില്‍ നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ കെജ്‌രിവാള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, ഇഡിക്ക് മുമ്പാകെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞ മാസം കോടതി സമയം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് 16-ന് നേരിട്ടെത്തണമെന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതി നിര്‍ദ്ദേശിച്ചിരുന്നു. മദ്യ നയക്കേസില്‍ ചോദ്യം ചെയ്യാന്‍ 8 നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. ഇതിനെ തുടർന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിക്കുകയായിരുന്നു. എന്നാല്‍, ഓണ്‍ലൈനായിട്ടാണ് കെജ്‌രിവാള്‍ റൗസ് അവന്യു കോടതിയില്‍ ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button