ന്യൂഡൽഹി: ബി.ജെ.പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രം ഭരിക്കുന്ന പാർട്ടി ചെയ്യുന്ന ഒന്നും ഹിന്ദു ഇതിഹാസങ്ങൾ പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രവുമായി യോജിക്കുന്നതല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. ബി.ജെ.പിക്കാർ ഹിന്ദു ദേശീയവാദികളെന്നും അധികാരത്തിനും ആധിപത്യത്തിനും വേണ്ടി അവർ എന്തും ചെയ്യാൻ തയ്യാറാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഫ്രാൻസിലെ പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഭഗവദ് ഗീതയും ഉപനിഷത്തുകളും മറ്റ് ഹിന്ദു ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട്. ബി.ജെ.പി ചെയ്യുന്ന കാര്യങ്ങളിൽ ഹിന്ദുവായി ഒന്നുമില്ലെന്ന് എനിക്ക് പറയാൻ കഴിയും, തീർത്തും ഒന്നുമില്ല. തങ്ങളേക്കാൾ ദുർബലരായ ആളുകളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് ഒരു പണ്ഡിതനായ ഹിന്ദു തന്നെ പഠിപ്പിച്ചത്. എന്നാൽ, ഈ ബി.ജെ.പിക്കാർ ഹിന്ദു ദേശീയവാദികളല്ല. അധികാരത്തിനും ആധിപത്യത്തിനും വേണ്ടി അവർക്ക് എന്തും ചെയ്യാം. അതിൽ ഹിന്ദുവായി ഒന്നുമില്ല’, അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യ vs ഭാരത് ചർച്ചയുമായി ബന്ധപ്പെട്ടും അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചു. ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്ന ആളുകൾ കാര്യമായ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്ന ആളുകൾ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും അവരുടെ പ്രവൃത്തികൾക്ക് വില നൽകേണ്ടിവരുമെന്ന് മനസിലാക്കിയാൽ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും മാറ്റത്തിന് പിന്നിലെ ഉദ്ദേശ്യമാണ് കൂടുതൽ പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിയും ആർ.എസ്.എസും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, രാജ്യത്ത് അത് സംഭവിക്കാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അവകാശപ്പെട്ടു. താഴ്ന്ന, പിന്നാക്ക ജാതിക്കാരുടെ അഭിപ്രായ പ്രകടനവും പങ്കാളിത്തവും മുരടിപ്പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത് എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ന്യൂനപക്ഷമായതിനാൽ ആളുകൾ മോശമായി പെരുമാറുന്ന ഒരു ഇന്ത്യ തനിക്ക് വേണ്ട എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.
Post Your Comments