സേവിംഗ്സ് അക്കൗണ്ട് തുറക്കുമ്പോൾ മിനിമം ബാലൻസ്, സർവീസ് ചാർജ് എന്നിവയെക്കുറിച്ച് ആകുലതപ്പെടുന്നവർ നിരവധിയാണ്. പലപ്പോഴും മിനിമം ബാലൻസ് നിലനിർത്താൻ സാധിക്കാത്തതാണ് ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നം. അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ ബാങ്കുകൾ ഫൈൻ ഈടാക്കുന്നതും പതിവാണ്. എന്നാൽ, ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ആക്സിസ് ബാങ്ക്. മിനിമം ബാലൻസ് നിബന്ധനയില്ലാതെ, സർവീസ് ചാർജുകൾ ഒഴിവാക്കി സേവിംഗ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള അവസരമാണ് ആക്സിസ് ബാങ്ക് ഒരുക്കുന്നത്. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.
‘ഇൻഫിനിറ്റി സേവിംഗ്സ് അക്കൗണ്ട്’ എന്ന പേരിലാണ് ആക്സിസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനായി നിശ്ചിത തുക ബാങ്കിൽ അടയ്ക്കേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് 150 പ്രതിമാസമോ, ഒരു വർഷത്തേക്ക് 1,650 രൂപയോ അടച്ച് അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്. ഈ പദ്ധതി പ്രകാരം, കാലാവധി പൂർത്തിയാകുമ്പോൾ ഓട്ടോമാറ്റിക്കായി വരിസംഖ്യ ഈടാക്കുകയും, കാലാവധി പുതുക്കി നിശ്ചയിക്കുകയും ചെയ്യും. വരിസംഖ്യ നൽകി സ്കീമുകളിൽ അംഗമാകുന്ന, ടെക്നോളജി തൽപരരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സേവിംഗ്സ് അക്കൗണ്ടിന് രൂപം നൽകിയിരിക്കുന്നത്.
പ്രതിമാസ മിനിമം ബാലൻസ്, പ്രൈമറി കാർഡ് ഇഷ്യുവൻസ് ഫീസ്, വാർഷിക ഫീസ്, ചെക്ക് ബുക്ക് ഉപയോഗത്തിനുള്ള ഫീസ്, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള നിരക്ക്, പരിധി കവിഞ്ഞുള്ള പണം നിക്ഷേപിക്കുന്നതിനുള്ള ചാർജ്ജ്, മാതൃശാഖയിലൂടെയല്ലാത്ത ഇടപാടിനുള്ള ചാർജ്ജുകൾ, സൗജന്യപരിധിക്ക് ശേഷമുള്ള പണം പിൻവലിക്കലിനുളള ഫീസ്, സേവിംഗ്സ് അക്കൗണ്ടിൽ പണമില്ലാത്താതിനാൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നത് പരാജയപ്പെട്ടതിനുള്ള ഫീസ് തുടങ്ങി 40 ഓളം ചാർജ്ജുകളാണ് ഇൻഫിനിറ്റി സേവിംഗ്സ് അക്കൗണ്ടിൽ ഒഴിവാക്കിയിരിക്കുന്നത്.
Post Your Comments