ഉപഭോക്താക്കൾക്കായി നമ്പർ രഹിത ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്. പ്രമുഖ ഫിൻടെക് സ്ഥാപനമായ ഫൈബുമായി സഹകരിച്ചാണ് നമ്പർ ഇല്ലാത്ത ക്രെഡിറ്റ് കാർഡ് ആക്സിസ് ബാങ്ക് പുറത്തിറക്കുന്നത്. നമ്പറിനു പുറമേ, ക്രെഡിറ്റ് കാർഡിൽ എക്സ്പയറി ഡേറ്റ്, സിവിവി നമ്പർ എന്നിവയും രേഖപ്പെടുത്തില്ല. അതിനാൽ, പുതിയ ക്രെഡിറ്റ് കാർഡ് കൂടുതൽ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്നതാണ്.
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോരുന്നത് തടയാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. ഇതിലൂടെ, കാർഡ് ഉടമകളുടെ വിവരങ്ങളിലേക്കുള്ള അനധികൃത ആക്സിസ് ഇല്ലാതാക്കാൻ കഴിയും. ഫൈബിന്റെ 2.1 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് നമ്പർ രഹിത ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതാണ്. ഈ ക്രെഡിറ്റ് കാർഡിന് ജോയിനിംഗ് ഫീസ്, വാർഷിക ഫീസ് എന്നിവ ഈടാക്കുന്നതല്ല.
നമ്പർ രഹിത ക്രെഡിറ്റ് കാർഡ് വഴി റെസ്റ്റോറന്റുകളിൽ ഓൺലൈൻ ഡെലിവറിക്ക് 3 ശതമാനം വരെ ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ, പ്രാദേശിക യാത്രകൾക്കും, ഓൺലൈൻ ടിക്കറ്റിംഗ് ആപ്പുകളിലും ഓഫറുകൾ ലഭിക്കുന്നതാണ്. ഇതിനു പുറമേ, ഉപഭോക്താക്കൾക്ക് ഓൺലൈൻ, ഓഫ്ലൈൻ ഇടപാടുകൾക്ക് 1 ശതമാനം ക്യാഷ് ബാക്കും ലഭിക്കും. ഈ കാർഡ് ഒരു കോ-ബ്രാൻഡഡ് റുപേ ക്രെഡിറ്റ് കാർഡാണ്. ഇതുവഴി യുപിഐയിലേക്ക് ലിങ്ക് ചെയ്യാൻ സാധിക്കും.
Post Your Comments