ഇന്നത്തെ കാലത്ത് ഒന്നിലധികം ബാങ്കുകളിൽ അക്കൗണ്ടുകൾ ഉള്ളവരായിരിക്കും മിക്ക ആളുകളും. ബാങ്കിംഗ് സേവനങ്ങൾ ഡിജിറ്റലായി ലഭിക്കുന്നതിന് ഓരോ ബാങ്കും പ്രത്യേകം ബാങ്കിംഗ് ആപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. ഓരോ അക്കൗണ്ടിനും വ്യത്യസ്ത ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കേണ്ടി വരുന്നത് പലപ്പോഴും സമയ നഷ്ടത്തിന് ഇടയാകാറുണ്ട്. എന്നാൽ, ഒരൊറ്റ ആപ്പിലൂടെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ആക്സിസ് ബാങ്കും ഐസിഐസിഐ ബാങ്കും. അക്കൗണ്ട് വിവരങ്ങളെല്ലാം കാണാവുന്ന തരത്തിൽ സിംഗിൾ വ്യൂ ഡാഷ്ബോർഡുകളാണ് ഇരു ബാങ്കുകളും സജ്ജീകരിച്ചിരിക്കുന്നത്.
ഒന്നിലധികം മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകളുടെ ആവശ്യകത ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക സംവിധാനത്തിന് ഇരു ബാങ്കുകളും രൂപം നൽകിയിരിക്കുന്നത്. വൺ വ്യൂ എന്ന പേരിലാണ് ആക്സിസ് ബാങ്കിന്റെ സിംഗിൾ വ്യൂ ഡാഷ്ബോർഡ്. അതേസമയം, ഐസിഐസിഐ ബാങ്കിന്റെ സിംഗിൾ വ്യൂ ഡാഷ്ബോർഡ് ഐഫിനാൻസ് എന്ന പേരിലാണ് അറിയപ്പെടുക. അക്കൗണ്ട് അഗ്രഗേറ്റർ ഫീച്ചറുകൾ ഉപയോഗിക്കുന്നതിനായി ഇരു ബാങ്കുകളുടെയും ഉപഭോക്താക്കൾ പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ, ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ ഡിലിങ്ക് ചെയ്യാനും കഴിയുന്നതാണ്.
Also Read: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം: മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം
ഐസിഐസിഐ ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഐഫിനാൻസിലേക്ക് പ്രവേശിക്കാം.. ഇതിനായി ഐസിഐസിഐ ബാങ്ക് നെറ്റ് ബാങ്കിംഗിലേക്കോ മൊബൈൽ ആപ്ലിക്കേഷനിലേക്കോ ലോഗിൻ ചെയ്യുക. ഐഫിനാൻസ് തിരഞ്ഞെടുത്ത് മൊബൈൽ ഒടിപി പരിശോധന നടത്തുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രിത അക്കൗണ്ട് അഗ്രഗേറ്ററായ സേതുവാണ് ഒടിപി അയക്കുന്നത്.തുടർന്ന് ലിങ്ക് ചെയ്യേണ്ട ബാങ്ക് അക്കൗണ്ടുകൾ തിരഞ്ഞെടുക്കുക. ഒടിപി വഴി അക്കൗണ്ടുകൾ പരിശോധിച്ചുറപ്പിക്കുക, ഐഫിനാൻസ് ഫീച്ചർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ ട്രാക്ക് ചെയ്യാം. സമാന രീതിയിലാണ് ആക്സിസ് ബാങ്കിന്റെ വൺ വ്യൂവിന്റെയും പ്രവർത്തനം.
Post Your Comments