‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക…’ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഓര്‍മയില്‍ രാജ്യം

സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ഏടുകളിലൊന്നായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഓർമകളുണർത്തി ആഗസ്​റ്റ്​ എട്ട്​, ഒമ്പത് ക്വിറ്റ് ഇന്ത്യ ദിനമായി നമ്മൾ ആചരിക്കുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം രാജ്യത്ത് സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ ഉച്ചസ്ഥായിയിൽ മുഴങ്ങിയത് 1942 ആഗസ്​റ്റിലെ ദിനരാത്രങ്ങളിലായിരുന്നു. ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക) എന്ന വാക്കുകൾ പ്രതിഫലിച്ച ദിനങ്ങൾ.

‘എനിക്ക് സ്വാതന്ത്ര്യം വേണം. ഉടനെ വേണം. അടുത്ത സൂര്യോദയത്തിന് മുമ്പ്​ ലഭിക്കുമെങ്കിൽ അത്രയും വേഗം…’ ക്വിറ്റ് ഇന്ത്യ പ്രമേയത്തിന് വിശദീകരണമായി ഗാന്ധിജി പ്രസംഗം ആരംഭിച്ചു. ‘ഈ സമരം നമ്മുടെ അന്തിമ സമരമാവട്ടെ. ഒന്നുകിൽ വിജയം വരെ അല്ലെങ്കിൽ മരണം വരെ. അതിനായി നിങ്ങൾക്കൊരു ശക്തിമന്ത്രം നൽകുന്നു, ഡു ഓർ ഡൈ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’- ജനങ്ങളെ ആവേശം കൊള്ളിച്ച ഗാന്ധിജിയുടെ അന്നത്തെ 140 മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിച്ചതിങ്ങനെയാണ്. സമ്മേളന നഗരിയായ ബോംബെയിലെ ഗോവാലി റ്റാങ്ക് മൈതാനത്ത് (പിന്നീട് ഇത് ആഗസ്​റ്റ്​ ക്രാന്തി മൈതാനം എന്നറിയപ്പെട്ടു) മുഴങ്ങിയ ഈ മുദ്രാവാക്യം രാജ്യം മുഴുവൻ ഏറ്റുചൊല്ലി.

ബോംബെയിലെ മലബാർ ഹില്ലിലാണ് കോൺഗ്രസിന്റെ നിർണായക യോഗം ചേർന്നത്. ക്രിപ്സ് മിഷൻ പരാജയപ്പെട്ടതിന് പിന്നാലെയാണ് ക്വിറ്റ് ഇന്ത്യ സമരത്തിന് കാഹളം മുഴങ്ങി. നെഹ്‌റു പ്രമേയ അവതാരകനായപ്പോൾ സർദാർ വല്ലഭായ് പട്ടേൽ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. ആവശ്യം- ‘ബ്രിട്ടീഷ് ഭരണം ഉടൻ അവസാനിപ്പിച്ച്, ബ്രിട്ടൻ ഇന്ത്യയിൽ നിന്നും മടങ്ങുക എന്ന്’.

ഉരുക്കുമുഷ്ടിയോടെയാണ് ബ്രിട്ടീഷ് ഇന്ത്യ സൈന്യം പ്രതിഷേധക്കാരെ നേരിട്ടത്. അന്നത്തെ വൈസ്രോയി ലിൻലിത്ഗോ പ്രഭു കഠിന സ്വരത്തിൽ ഭരണകൂടത്തിന് നിർദേശം നൽകി- ‘അടിച്ചൊതുക്കുക.’  ആഗസ്​റ്റ്​ ഒമ്പത് വെളുപ്പിന് നാലുമണിക്ക് പ്രാർഥനക്ക് തയാറെടുക്കുന്ന ഗാന്ധിജിയെ അറസ്​റ്റ്​ ചെയ്തു. പിന്നാലെ കസ്തൂർബ ഗാന്ധിയെയും. ജവഹർലാൽ നെഹ്റു മുതലുള്ള ആയിരക്കണക്കിന് നേതാക്കളെ പൊലീസ് അറസ്​റ്റ്​ ചെയ്ത്​ കൊണ്ടുപോയി.

എന്നാല്‍, ജനങ്ങൾ സ്വയം നേതൃത്വം ഏറ്റെടുത്തു. ഗതാഗതം സ്തംഭിപ്പിച്ചു, വാർത്ത വിനിമയ ശൃംഖല വിച്ഛേദിച്ചു, തീവണ്ടി പാളങ്ങൾ തകർക്കപ്പെട്ടു, റോഡുകൾ പലയിടങ്ങളിലും തടസ്സപ്പെടുത്തി. ഓഫീസുകളിലെ ബ്രിട്ടീഷ് പതാക യൂണിയൻ ജാക്ക് വലിച്ചുതാഴ്ത്തി കോൺഗ്രസ് പതാക ഉയർത്തി. ബ്രിട്ടീഷുകാരും വെറുതെയിരുന്നില്ല. അവർ സമരത്തെ റൈഫിളുകളും യന്ത്രത്തോക്കുകളും പീരങ്കികളും കൊണ്ട്‌ നേരിട്ടു. ആയിരങ്ങൾ മരിച്ചുവീണു.

യുദ്ധത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും ജനലക്ഷങ്ങൾ നെഞ്ചുവിരിച്ച് പോരാടിയ സമരമാണ് ക്വിറ്റ് ഇന്ത്യ സമരം.

Share
Leave a Comment