ന്യൂഡൽഹി: ഇന്ത്യയോടുള്ള ആദരസൂചകമായി മെട്രോ സ്റ്റേഷന് മഹാത്മാഗാന്ധിയുടെ പേരു നൽകി മൗറീഷ്യസ്. മൗറീഷ്യസിലെ മെട്രോ എക്സ്പ്രസ് പദ്ധതിക്ക് ഇന്ത്യ നൽകുന്ന സാമ്പത്തിക പിന്തുണയുടെ കൃതജ്ഞതയായാണ് മൗറീഷ്യസ് സർക്കാരിന്റെ ഈ തീരുമാനം.
മെട്രോ എക്സ്പ്രസ് പദ്ധതിക്ക് 267 മില്യൺ യുഎസ് ഡോളറാണ് ഇന്ത്യ ഗ്രാന്റായി സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെഷ്യൽ എക്കണോമിക് പാക്കേജായി നൽകുന്ന ഈ തുക, മൗറിഷ്യസ് സർക്കാരിന്റെ അഞ്ച് പദ്ധതികൾ നടപ്പിലാക്കാനാണ് ഉപയോഗിക്കുക. മെട്രോ എക്സ്പ്രസ് പദ്ധതി, സുപ്രീം കോടതി ബിൽഡിംഗ്, നവീന ഇ.എൻ.ടി ഹോസ്പിറ്റൽ, വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ടാബ്ലെറ്റ് വിതരണം, സാമൂഹിക ഭവനപദ്ധതി എന്നിവയാണ് അതിവേഗത്തിൽ മൗറീഷ്യ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ.
ഇതുകൂടാതെ, കടമായി ഇന്ത്യ 190 മില്യൺ ഡോളർ നൽകുന്നുണ്ട്. എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് സർക്കാർ മെട്രോ എക്സ്പ്രസ് പദ്ധതിക്ക് ധനസഹായം നൽകുക. ചെറുകിട വികസന പദ്ധതികൾ മൗറീഷ്യസിലെ എല്ലാ ഭാഗത്തും വികസനമെത്തിക്കാൻ സഹായിക്കും. മൗറീഷ്യസിന്റെ സാമ്പത്തിക സാമൂഹിക ഉന്നമനത്തിനു വേണ്ടി എല്ലാ രീതിയിലും ഇന്ത്യ പിന്തുണയ്ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments