ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാം തുറന്നു. മഴ കുറഞ്ഞതിനാൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് സാധാരണ നിലയിൽ തുടരുന്നു. ഡാം തുറന്നെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പിൽ കാര്യമായ ഉയർച്ചയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പെരിങ്ങൽക്കുത്തിലെ അഞ്ച് ഷട്ടർ വരെ തുറന്നിരുന്നു. തിങ്കളാഴ്ച മഴ ശക്തമായതിനാൽ പെരിങ്ങൽക്കുത്ത് അതിവേഗം നിറയുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
രാവിലെ 11-ന് ശേഷം ആദ്യത്തെ രണ്ട് ഷട്ടറുകൾ തുറന്നു. പിന്നീട് മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. പെരിങ്ങൽക്കുത്ത് തുറന്നതിന്റെ പ്രതിഫലനമായി ചൊവ്വാഴ്ച രാത്രിയിൽ പരമാവധി 2.65 മീറ്റർ വരെയാണ് ഉയർന്നത്. എന്നാൽ ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ 2.43 മീറ്ററിലേക്ക് ജലനിരപ്പ് താഴുകയായിരുന്നു. വൈകീട്ട് മൂന്ന് മണിയോടെ 2.16 മീറ്ററിലേക്ക് താഴ്ന്ന ജലനിരപ്പ് വൈകീട്ട് ആറ് മണിയായപ്പോൾ വീണ്ടും താഴ്ന്ന് 1.975 മീറ്ററിലേക്കെത്തുകയായിരുന്നു.
Post Your Comments