പൂനെ: മഹാരാഷ്ട്ര ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ കേസിൽ എൻഐഎ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പൂനെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. നിരോധിത ഭീകര സംഘടന പ്രചരിപ്പിച്ച അക്രമ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചതിന് ഡോ.അദ്‌നാലി സർക്കാരിനെയാണ് (43) അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും ഐഎസുമായി ബന്ധപ്പെട്ട രേഖകളും ഉൾപ്പെടെ നിരവധി കുറ്റകരമായ വസ്തുക്കളും എൻഐഎ പിടിച്ചെടുത്തു. ഐഎസ് അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനായി ദുർബലരായ യുവാക്കളെ പ്രചോദിപ്പിക്കുകയും റിക്രൂട്ട് ചെയ്തതിലെ പങ്കും കണ്ടുകെട്ടിയ വസ്തുക്കളിൽ നിന്ന് സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവയെ തകർക്കുകയും, സംഘടനയുടെ ‘മഹാരാഷ്ട്ര ഐസിസ് മൊഡ്യൂൾ’ വഴി ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാനുമാണ് ഇവർ ലക്ഷ്യമിട്ടതെന്ന് എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2023 ജൂൺ 28 നാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. മുംബൈ, താനെ, പൂനെ എന്നിവിടങ്ങളിൽ വ്യാപകമായ തിരച്ചിലിന് ശേഷം 2023 ജൂലൈ 3 ന് മറ്റ് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments