ഹൈദരാബാദ്: എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ഗുരുതര പരിക്കേറ്റു. ഹൈദരാബാദിലെ ദോമൽഗുഡ സ്വദേശികളായ പത്മ, നാഗമണി, ആനന്ദ്, ധനലക്ഷ്മി, അഭിനവ്, ശരണ്യ, വിഹാർ എന്നിവർക്കാണ് പരിക്കേറ്റത്.
റോസ് കോളനി മേഖലയിലുള്ള ഇവരുടെ വീട്ടിൽ ഇന്നലെ രാവിലെ 11-ഓടെയാണ് അപകടം നടന്നത്. ബോനലു ആഘോഷങ്ങൾക്കായുള്ള പ്രത്യേക വിഭവങ്ങൾ തയാറാക്കുന്നതിനിടെയാണ് സംഭവം. പ്രത്യേകം തയാറാക്കിയ വലിയ സ്റ്റൗവിലേക്ക് സിലിണ്ടറിൽ നിന്ന് കണക്ഷൻ നൽകിയിരുന്നു. ഇതിനായി ഉപയോഗിച്ച റെഗുലേറ്ററിലുടെ വാതകചോർച്ചയുണ്ടായതാണ് അപകടകാരണം.
ആനന്ദ് സ്റ്റൗ കത്തിക്കുന്നതിനിടെ ഉഗ്രശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ വീടിന്റെ പല ഭാഗങ്ങളും തകർന്നുവീണു. വീട്ടിലുണ്ടായിരുന്ന ഏഴ് പേരുടെയും അരയ്ക്ക് മുകളിലേക്കും മുഖത്തും പൊള്ളലേറ്റു. ഇവരെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു.
Post Your Comments