മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നു മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തില്‍ അതിവേഗ റെയില്‍പാത അത്യാവശ്യമാണെന്നും തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ രാഷ്ട്രീയം നോക്കാതെ ചെയ്തുകൊടുക്കാൻ തയാറാണെന്നും മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു.
തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തിന് അനുയോജ്യം. ഇത് പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂര്‍കൊണ്ട് കണ്ണൂരിലെത്താമെന്നും ശ്രീധരൻ വ്യക്തമാക്കി.
READ ALSO: പോലീസ് ഹെല്പ് ലൈൻ നമ്പറിൽ പ്രധാനമന്ത്രിയേയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന ഭീഷണി കോൾ, അറസ്റ്റ്
കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെത്തി ഇ ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. കെ റെയില്‍ പദ്ധതിയില്‍ മാറ്റം വേണമെന്ന് വ്യക്തമാക്കുന്ന ശ്രീധരന്റെ റിപ്പോര്‍ട്ട് കെ വി തോമസ് വഴി മുഖ്യമന്ത്രിയ്ക്ക് കൈമാറി. ആദ്യം സെമി ഹൈസ്പീഡ് റെയില്‍ ആണ് വേണ്ടതെന്നും പിന്നീട് ഇത് ഹൈസ്പീഡാക്കാമെന്നും ശ്രീധരൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിയ്ക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്ന കെ റെയിലിനു ആവശ്യമായ ഭൂമിയേറ്റെടുക്കുന്നത് പ്രായോഗികമല്ല. ആയിരക്കണക്കിന് പേരെ പുനഃരധിവസിപ്പിക്കേണ്ടിവരുന്നതിനൊപ്പം ഇരുഭാഗത്തും ഉയരത്തില്‍ മതില്‍ക്കെട്ടി വേര്‍തിരിക്കുന്നതിനാല്‍ പ്രാദേശിക യാത്രയെയും ചുറ്റുപ്പാടിനെയും ബാധിക്കുമെന്നും മൂവായിരത്തില്‍ അധികം പാലങ്ങള്‍ വേണ്ടിവരുമെന്നും ശ്രീധരൻ പറയുന്നു. കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും റിപ്പോര്‍ട്ടില്‍ ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു.
Post Your Comments