കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ പ്രചരണം നടത്താനുള്ള കെപിസിസിയുടെ തീരുമാനം തീവ്രവാദികളുടെ വോട്ട് സമാഹരിക്കാനുള്ള നീക്കമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വർഗീയ ധ്രുവീകരണത്തിന് വേണ്ടി സിപിഎമ്മിനോട് മത്സരിക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കെപിസിസിയുടെ നിലപാട് തന്നെയാണോ എഐസിസിക്കും ഉള്ളതെന്ന് മല്ലികാർജുന ഖാർഗെ വ്യക്തമാക്കണം. കോൺഗ്രസിൻ്റെയും ഇടതുപക്ഷത്തിൻ്റെയും നിലപാട് കടുത്ത സ്ത്രീവിരുദ്ധമാണ്.
മുസ്ലിം സ്ത്രീകളും പുരോഗമന ചിന്താഗതിക്കാരും ഇതിനെതിരെ രംഗത്ത് വരണം. നാല് വോട്ടിന് വേണ്ടി നവോത്ഥാനശ്രമങ്ങളെ പിന്നിൽ നിന്നും കുത്തുന്ന കോൺഗ്രസ് – സിപിഎം പാർട്ടികൾക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാവുക തന്നെ ചെയ്യും.
ലോകത്ത് എല്ലാ വികസിത രാജ്യങ്ങൾക്കും ഒരു പൊതുനിയമമുണ്ടെന്ന കാര്യം ഇത്തരം പിന്തിരിപ്പൻ രാഷ്ട്രീയ പാർട്ടികൾ മനസിലാക്കണം. സിഎഎ സമരത്തിന് സമാനമായ രീതിയിൽ തീവ്രവാദികളുമായി ചേർന്ന് നാടിൻ്റെ സമാധാനം തകർക്കാനാണ് ഇരു മുന്നണികളുടേയും തീരുമാനമെങ്കിൽ ശക്തമായ ജനകീയ പ്രതിരോധമുണ്ടാവുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Post Your Comments