മുംബൈ: ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ചേതൻ ശർമ്മയുടെ രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ സെലക്ഷൻ രഹസ്യങ്ങൾ ചേതൻശർമ്മ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ടീം അംഗങ്ങളുടെ പരിക്കിനെക്കുറിച്ചും വിരാട് കോലി- രോഹിത് ശർമ്മ എന്നിവരെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
കോലിയുടെ ക്യാപ്റ്റൻസി നഷ്ടമായത് ഗാംഗുലിയുമായുള്ള ഉടക്ക് കാരണമാണെന്നും ചേതൻ ശർമ്മ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഹാർദിക് പാണ്ഡ്യയും രോഹിതും തന്റെ വീട്ടിലെ സ്ഥിരം സന്ദർശകരാണെന്നും ഫിറ്റ്നസിനായി ചില താരങ്ങൾ ഡോക്ടർമാരുടെ നിർദേശാനുസരണം ഇഞ്ചക്ഷനുകളെടുക്കുന്നുവെന്നും ചേതൻ ശർമ്മ പറഞ്ഞു. ഇഷാന്റെ ഡബിൾ സെഞ്ച്വറി സഞ്ജു അടക്കം മൂന്നുപേരുടെ ഭാവി തകർത്തതായും ചീഫ് സെലക്ടർ പറഞ്ഞിരുന്നു. രോഹിതും വിരാടും തമ്മിൽ വിരോധമില്ലെങ്കിലും ഈഗോ പ്രശ്‌നങ്ങളുണ്ട്. ഇരുവരുടെയും കൂടെ ഗ്രൂപ്പായി നിൽക്കുന്ന ചില കളിക്കാരുണ്ട്. അവരെ ടീമിൽ നിലനിറുത്താനായി ഇരുവരും ശ്രമിക്കാറുണ്ടെന്നും ചേതൻ ശർമ്മ പറഞ്ഞു.
ടീമിലെ ചില പ്രധാന താരങ്ങൾ പൂർണമായും ഫിറ്റല്ലാതെ കളിക്കാനിറങ്ങുന്നത് പതിവാണെന്ന ചേതൻ ശർമ്മയുടെ ആരോപണമാണ് ഏറെ വിവാദമായത്. ഫിറ്റ്‌നെസ് തെളിയിക്കുന്നതിനായി ഉത്തേജക മരുന്നുകൾ കുത്തിവയ്ക്കാറുണ്ട്. ഡോപ്പിംഗിൽ പിടിക്കപ്പെടാത്ത മരുന്നുകൾ ഏതൊക്കെയെന്ന് കളിക്കാർക്ക് അറിയാം. ബുംറയ്ക്ക് കുനിയാൻ പോലും കഴിയാതിരുന്നപ്പോളും ലോകകപ്പിൽ കളിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ഒരു മത്സരമെങ്കിലും കളിപ്പിച്ചിരുന്നെങ്കിൽ ഒരു വർഷം പുറത്തിരിക്കേണ്ടിവന്നേനെയെന്നും ചേതൻ ശർമ്മ പറഞ്ഞു.
Post Your Comments