മഞ്ചേരി: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. അരീക്കോട് കാവനൂർ പനമ്പറ്റച്ചാലിൽ ടി വി ശിഹാബി(44)നെ ആണ് കോടതി ശിക്ഷിച്ചത്. 20 വർഷം കഠിന തടവിനും 78500 രൂപ പിഴയൊടുക്കാനും മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് (മൂന്ന്) ശിക്ഷ വിധിച്ചത്. ജഡ്ജി എം തുഷാറാണ് ശിക്ഷ വിധിച്ചത്.
Read Also : പൊലീസ് വേഷത്തിലെത്തി വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പൊലീസുകാരനടക്കം രണ്ടുപേർ പിടിയിൽ
2022 ഫെബ്രുവരി 19-ന് പുലർച്ചെ 2.15-നാണ് കേസിനാസ്പദമായ സംഭവം. മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. കിടപ്പുരോഗിയായ മാതാവുമൊന്നിച്ചായിരുന്നു യുവതി താമസിച്ചത്. ഇവരുടെ വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതി യുവതിയെ ബലാൽസംഗം ചെയ്തത്.
ഈ കേസിൽ ജാമ്യം നേടിയെങ്കിലും 13കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായതിനെ തുടർന്ന് കോടതി ജാമ്യം റദ്ദാക്കി. അരീക്കോട് എസ് എച്ച് ഒ ആയിരുന്ന സി വി ലൈജുമോനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ടി ഗംഗാധരൻ ഹാജരായി.
Post Your Comments