തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പൊലീസുകാരാനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. സാമ്പത്തിക തട്ടിപ്പ് കേസിൽ വിനീത് സസ്പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടികൊണ്ട് പോകാൻ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : കോഴിക്കോട് കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് ഇടപാട്, പ്രധാന കണ്ണി മുഹമ്മദ് ഷഹദ് പൊലീസിന്റെ വലയിലായി
വാഹന പരിശോധനക്കെന്ന പേരിലാണ് പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്. കാർ നിർത്തിയ ശേഷം അക്രമികൾ മുജീബിന്റെ കാറിൽ കയറി കൈയിൽ വിലങ്ങ് ഇട്ട് ബന്ധിക്കുകയായിരുന്നു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments