KeralaLatest News

കരിപ്പൂരില്‍ 67 ലക്ഷത്തിന്റെ സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍: ഇതു തട്ടാനെത്തിയ ക്വട്ടേഷന്‍ സംഘവും കുടുങ്ങി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 67 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും , കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ 7 പേരടങ്ങിയ കുപ്രസിദ്ധ ക്രിമിനല്‍ സംഘവും പോലീസ് പിടിയിൽ. 1157 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊടിഞ്ഞി സ്വദേശി മുസ്തഫയും ഇയാളിൽ നിന്ന് സ്വർണം തട്ടിയെടുക്കാൻ എത്തിയവരുമാണ് പോലീസിൻ്റെ സമർത്ഥമായ നീക്കത്തിൽ പിടിയിലായത്.

ഞായറാഴ്ചയാണ് മുസ്തഫ അല്‍ അയ്നിൽ നിന്നും കരിപ്പൂരിലേക്ക് എത്തിയത്. 1157 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം ഇയാൾ നാല് ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചിരുന്നു. മുസ്തഫ സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതും ഇത് തട്ടിയെടുക്കാൻ മറ്റൊരു സംഘം നിലയുറപ്പിച്ചതും സംബന്ധിച്ച് മലപ്പുറം എസ് പി സുജിത്ത് ദാസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. എയര്‍പോര്‍ട്ട് പരിസരത്ത് നിന്നും കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ റഷീദ് (34) എന്നയാളെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. റഷീദിനെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിന്‍റെ വിശദമായ പദ്ധതി അറിയാന്‍ സാധിച്ചത്.

നിലവില്‍ ദുബായില്‍ ഉള്ള കോഴിക്കോട് സ്വദേശികളായ സമീര്‍, ഷാക്കിര്‍, കാഞ്ഞങ്ങാട് സ്വദേശിയായ സാദിഖ് എന്നിവരാണ് ഗോള്‍ഡ് കാരിയറായ മുസ്തഫയുടെ വിവരങ്ങള്‍ റഷീദിന് കൈമാറിയതും മുസ്തഫയെ കിഡ്നാപ്പ് ചെയ്ത് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ റഷീദിനെ നിയോഗിച്ചതും. റഷീദിന് സഹായത്തിനായി വയനാട് നിന്നുള്ള 5 അംഗ സംഘവും സമീറിന്‍റെ നിര്‍ദേശപ്രകാരം എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ടായിരുന്നു. കടത്ത് സ്വര്‍ണ്ണവുമായി സ്വന്തം വീട്ടിലേക്ക് പോകുന്ന മുസ്തഫയെ വാഹനം തടഞ്ഞ് നിര്‍ത്തി തട്ടികൊണ്ടുപോയി കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്.

അതേ സമയം കസ്റ്റംസ് പരിശോധന കഴിഞ്ഞ് കടത്ത് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്തെത്തിയ മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തു . രണ്ടുപേരും പോലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്തറിഞ്ഞ കവര്‍ച്ചാസംഘം പദ്ധതി ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. ഇതോടെ പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കവര്‍ച്ചാ സംഘത്തെ പിന്തുടരുകയും വയനാട്ടിലേക്ക് രക്ഷപ്പെട്ട 5 അംഗ സംഘത്തെ വയനാട് വൈത്തിരിയില്‍ വെച്ചും കാസര്‍ഗോഡ് സ്വദേശിയെ കാഞ്ഞങ്ങാട് വെച്ചും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ട വയനാട് സ്വദേശികളായ മുനവിര്‍.കെ വി.(32), നിഷാം. ടി (34), സത്താര്‍. ടി കെ (42), റാഷിദ്. എ കെ44),ഇബ്രാഹിം.കെ പി (44), കാസര്‍ഗോഡ് സ്വദേശികളായ റഷീദ്.എം (34) , സാജിദ്. സി എച്ച് (36) എന്നിവരാണ് പോലീസിൻ്റെ നീക്കത്തിൽ പിടിയിലായത്. പിടിച്ചെടുത്ത സ്വർണം മഞ്ചേരി ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതൊടൊപ്പം മുസ്തഫക്കെതിരെയുള്ള തുടര്‍ നടപടികള്‍ക്കായി പ്രിവന്‍റീവ് കസ്റ്റംസിന് വിശദമായ റിപ്പോര്‍ട്ടും പോലീസ് സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button