തൃശൂര്‍: ഇന്ത്യന്‍ കറന്‍സി നല്‍കിയാല്‍ ഇരട്ടി മൂല്യമുള്ള വിദേശ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് വിരമിച്ച ബാങ്ക് മാനേജരില്‍ നിന്ന് 60 ലക്ഷം തട്ടിയ കേസില്‍ അഭിഭാഷകയുടേയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പരയ്ക്കാട് അരിമ്പൂര്‍ ചെന്നങ്ങാട്ട് ബിജു (40), ഭാര്യയും അഭിഭാഷകയുമായ ലിജി (35), വെങ്കിടങ്ങ് കണ്ണോത്ത് തയ്യില്‍ യദുകൃഷ്ണന്‍ (27), വെങ്കിടങ്ങ് നെല്ലിപ്പറമ്പില്‍ ജിതിന്‍ ബാബു (25), വെങ്കിടങ്ങ് തച്ചപ്പിള്ളി ശ്രീജിത് (22), വാടാനപ്പിള്ളി കുളങ്ങര ഫവാസ് (28), ചാവക്കാട് എടക്കഴിയൂര്‍ നന്ദകുമാര്‍ (26), വെങ്കിടങ്ങ് പാടൂര്‍ പണിക്കവീട്ടില്‍ റിജാസ് (28) എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗിരീഷ് തള്ളിയത്.
പിടിയിലാകാനുള്ള ബിജു മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് നല്‍കിയത്. തുക കൈമാറുന്ന സമയം സഹായികളെ ഉപയോഗിച്ച് പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ കൈമാറിയ അമ്പത് ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിന് മുമ്പ് പത്തു ലക്ഷം റിട്ട. ബാങ്ക് മാനേജര്‍ അക്കൗണ്ട് വഴി പ്രതികള്‍ക്ക് ഇട്ടു കൊടുത്തിരുന്നു.
2023 ജനുവരിയിലാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയും അഭിഭാഷകയുമായ യുവതിയുടെ പഠനകാലത്ത് പഠനത്തിനാവശ്യമായ പണം മുഴുവന്‍ നല്‍കിയത് ബാങ്ക് മാനേജരായിരുന്നു. തന്റെ സുഹൃത്ത് ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും കാണിക്കയായി ലഭിച്ച ധാരാളം വിദേശകറന്‍സി ക്ഷേത്രത്തിലുണ്ടെന്നും ഇന്ത്യന്‍ കറന്‍സി നല്‍കിയാല്‍ ഇരട്ടി മൂല്യമുള്ള വിദേശ കറന്‍സി നല്‍കാമെന്ന് സുഹൃത്ത് വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞാണ് യുവതി ബാങ്ക് മാനേജറെ വിശ്വസിപ്പിച്ചത്. ഇത് വിശ്വസിച്ച ഇയാൾ പണം നല്‍കുകയായിരുന്നു.
Post Your Comments