തിരുവനന്തപുരം: വീടിനുള്ളിൽ കോടയും വാറ്റുപകരണങ്ങളും സൂക്ഷിക്കുകയും അടുക്കള മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പതാരം ജയന്തി കോളനിയിൽ രതീഷാണ് അറസ്റ്റിലായത്. കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 28 ന് ശാസ്താംകോട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീടിന്റെ അടുക്കള മുറിയിൽ നിന്ന് ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ നിലയിൽ 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് വീടും പരിസരവും പരിശോധിച്ച എക്‌സൈസ് സംഘം അടുക്കള മുറ്റത്ത് നിന്നും ഏകദേശം ആറടിയിൽ കൂടുതൽ ഉയരമുള്ള കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലിച്ചിരുന്നതും കണ്ടെത്തി. എക്‌സൈസ് സംഘം അന്വേഷണത്തിന് എത്തിയപ്പോൾ ഇയാൾ വീടിനുള്ളിൽ നിന്നും ഇറങ്ങി ഓടിയതിനാൽ അന്ന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ടിപ്പർ ലോറി ഡ്രൈവറാണ് രതീഷ്.
Post Your Comments