പുനലൂർ: പേ വിഷബാധയേറ്റ് പ്രവാസിയായ യുവാവ് മരിച്ചു. ഇടമൺ പുലരിയിൽ വട്ടവിള വീട്ടിൽ അജേഷ് സദാനന്ദൻ (37) ആണ് മരിച്ചത്.
വിദേശത്തായിരുന്ന യുവാവ് നാട്ടിലെത്തി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ ആറ് മാസം മുമ്പ് വളർത്തുനായയുടെ കടിയേറ്റു. എന്നാൽ, പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല.
ഇടമണ്ണിൽ വീട് പണിയുമായി ബന്ധപ്പെട്ട് നാല് ദിവസം മുമ്പ് എത്തിയ യുവാവ്, കഴിഞ്ഞ ദിവസം അസ്വസ്ഥത കാട്ടിയതിനെ തുടർന്ന്, ബന്ധു പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചു. പരിശോധനക്കായി ഡോക്ടറുടെ മുറിയിൽ എത്തിയപ്പോൾ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് യുവാവ് അക്രമാസക്തനായി. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന്, താലൂക്ക് ആശുപത്രിയിൽ യുവാവിനെ പരിചരിച്ച ഡോക്ടർ ഉൾപ്പെടെയുള്ളവർ പ്രതിരോധ കുത്തിവെപ്പ് എടുത്തു.
Post Your Comments