KeralaLatest News

മൂർഖൻ പാമ്പിൽ നിന്നും കാഴ്ചപരിമിതിയുള്ള യജമാനനെ രക്ഷിച്ച് വളർത്തുനായ: നാട്ടുകാരുടെ കണ്ണിലുണ്ണിയായി ചിറക്കടവിലെ കിട്ടു

പൊൻകുന്നം: ചിറക്കടവ് സെന്റർ പറപ്പള്ളിത്താഴെ വീട്ടിലെ വളർത്തുനായയാണ് ഇപ്പോൾ നാട്ടുകാരുടെ ഹീറോ. സ്വന്തം ജീവൻ പണയംവെച്ചും കാഴ്ച്ചുപരിമിതിയുള്ള യജമാനന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് കിട്ടു എന്ന വളർത്തുനായ. ചിറക്കടവ് സെന്റർ ഷാപ്പുപടിക്കൽ പൊൻകുന്നം-പുനലൂർ ഹൈവേയുടെ അരികിലെ വാടകവീട്ടിൽ താമസിക്കുന്ന ശ്രീകുമാറിനെയാണ് മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ കിട്ടു രക്ഷിച്ചത്.

അറുപത്തിമൂന്നുകാരനായ ശ്രീകുമാർ ജന്മനാ കാഴ്ച്ചപരിമിതിയുള്ള വ്യക്തിയാണ്. വാതിൽപ്പടിയിൽ കിടന്ന മൂർഖൻ പാമ്പിനെ ജോലി കഴിഞ്ഞെത്തിയ ശ്രീകുമാർ ചിവിട്ടുമെന്ന ഘട്ടത്തിലാണ് കിട്ടു എന്ന വളർത്തുനായ സ്വന്തം ജീവൻ പോലും പണയംവെച്ച് മൂർഖനുമായി ഏറ്റുമുട്ടിയത്. മൂർഖനെ കടിച്ചുകൊന്നാണ് കിട്ടു യജമാനനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.

സമീപത്തെ കുടിവെള്ളപദ്ധതിയുടെ പമ്പ് ഓപ്പറേറ്റർ കൂടിയായ ശ്രീകുമാർ ജോലിക്കുശേഷം ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ വീട്ടുമുറ്റത്തേക്ക് നടന്നുവന്നപ്പോഴാണ് അടുക്കളവാതിൽക്കൽ പാമ്പ് കിടന്നത്. പട്ടിക്കൂട് ഇതിന് സമീപമായിരുന്നു. അടുക്കളവാതിലിൽക്കൂടി ശ്രീകുമാർ അകത്തേക്ക് കടന്നാൽ പാമ്പിനെ ചവിട്ടും, കടിയേൽക്കുകയുംചെയ്യും. അപകടം തിരിച്ചറിഞ്ഞ കിട്ടു നിർത്താതെ കുരച്ചു. എന്നാൽ നിഴൽപോലെ മാത്രം കാഴ്ചയുള്ള ശ്രീകുമാർ പാമ്പിനെ കണ്ടില്ല.

നായ പുറത്തുപോകാൻവേണ്ടി കുരയ്ക്കുന്നതാകുമെന്നുകരുതി കൂടുതുറന്നുകൊടുത്തപ്പോൾ കിട്ടു കുതറി എതിർദിശയിലേക്ക് പാഞ്ഞു. മുരൾച്ചയോടെ എന്തിനെയോ ആക്രമിക്കുകയാണെന്ന് മനസ്സിലായി. കിട്ടു എലിയെ പിടിക്കുകയാകുമെന്നാണ് കരുതിയത്.

ബഹളംകേട്ട്, ശ്രീകുമാറിന്റെ വാടകവീടിന്റെ ഉടമ, സമീപത്തുള്ള ശകുന്തൾ സ്റ്റോഴ്സിലെ പുരുഷോത്തമൻ നായർ എത്തി. അദ്ദേഹമാണ് കിട്ടുവിന്റെ പോരാട്ടം മൂർഖനുമായാണെന്ന് കണ്ടത്. പത്തിവിടർത്തി കൊത്താൻ ശ്രമിച്ച മൂർഖനിൽനിന്ന് ചാടിമാറി നിമിഷനേരംകൊണ്ട് അതിനെ കടിച്ചുകുടഞ്ഞു. മുറിവേറ്റ പാമ്പ് ചത്തു. സംഭവം നടക്കുമ്പോൾ ശ്രീകുമാറിന്റെ ഭാര്യ രമാദേവി വീട്ടിലില്ലായിരുന്നു. കിട്ടുവിനെ ചേർത്തുപിടിച്ച് സംഭവം വിശദീകരിക്കുമ്പോൾ അവനോടുള്ള സ്നേഹം മുഴുവൻ വീട്ടുകാരുടെ വാക്കുകളിൽ നിറഞ്ഞു.

മക്കളായ ലാവണ്യ, ശരണ്യ എന്നിവരെ വിവാഹം ചെയ്തയച്ചു. ശ്രീകുമാറിന് ലൈഫ് പദ്ധതിയിൽ വീടുപണി പൂർത്തീകരിച്ചുവരുകയാണ്. ശസ്ത്രക്രിയ ചെയ്തെങ്കിലും കാഴ്ചയ്ക്ക് കാര്യമായ പുരോഗതിയില്ല. പതിവായി നടക്കുന്ന വഴിയിലൂടെ പരസഹായമില്ലാതെ സഞ്ചരിക്കാൻ ഇദ്ദേഹത്തിനാകും. അതിനാൽ പമ്പ് പ്രവർത്തിപ്പിക്കാൻ തനിയെ ആണ് പോകുന്നതെന്ന് രമാദേവി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button