ആലപ്പുഴ: നാപ്റ്റോള്‍ സ്ക്രാച്ച് ആൻഡ് വിൻ പദ്ധതിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ടുപേരെ ആലപ്പുഴ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി മനു ചന്ദ്രൻ, ആലുവ കീഴ്മാട് സ്വദേശി ലിഷിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് ആണ് ഇവരെ പിടികൂടിയത്. നാപ്റ്റോള്‍ സമ്മാന പദ്ധതിയിലൂടെ ഥാർ വാഹനം സമ്മാനമായി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ചെങ്ങന്നൂർ സ്വദേശിനിയില്‍ നിന്ന് എട്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
Read Also : ഹാഷിഷ് ഓയിലും എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ : പിടിച്ചെടുത്തത് ലക്ഷങ്ങളുടെ ലഹരിമരുന്ന്
ഇടുക്കി ജില്ലയിലെ കരിങ്കുന്നത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ സ്വദേശിനിക്ക് നാപ്റ്റോള്‍ സമ്മാന പദ്ധതിയിലൂടെ ഥാർ വാഹനം സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. വാഹനം ലഭിക്കുന്നതിനുള്ള സർവ്വീസ് ചാർജ്ജും വിവിധ നികുതികളും എന്ന പേരില്‍ എട്ടര ലക്ഷം രൂപ യുവതിയില്‍ നിന്ന് വാങ്ങി. 16 തവണയായാണ് ഇത്രയും പണം പ്രതികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്.
ഒടുവില്‍ വാഹനം ചോദിച്ചപ്പോൾ പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ യുവതി ആലപ്പുഴ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ എഴുന്നൂറോളം സിസിടിവി ദൃശ്യങ്ങളും രണ്ടായിരത്തോളം ഫോൺ വിളികളും വിശദമായി പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments