തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഭരിക്കുന്നത് ‘പിണറായി വ്യാജൻ’ സർക്കാരാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും ലോക കേരളസഭ എന്നത് ഭൂലോക തട്ടിപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്നും ലോൺ എടുത്ത, കർഷകർക്ക് ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ;
‘എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാക്കൾ യൂണിയൻ ഭാരവാഹികളാവുന്നു. സർവകലാശാല പരീക്ഷ എഴുതാത്ത എസ്എഫ്ഐ നേതാക്കൾ പരീക്ഷ പാസാവുന്നു.
ഡിവൈഎഫ്ഐക്കാർ വ്യാജരേഖ ചമച്ച് ഡോക്ടറേറ്റ് നേടുന്നു. വ്യാജൻമാരുടെ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. എല്ലാം വെറും സാങ്കേതികപ്പിഴവാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. എന്തുകൊണ്ടാണ് എസ്എഫ്ഐക്കാർക്ക് മാത്രം സാങ്കേതികപ്പിഴവ് ഉണ്ടാകുന്നത്?.
മുഖ്യമന്ത്രിയുടെ അഴിമതി ആരും പ്രതിരോധിക്കുന്നില്ലെന്ന വേവലാതിയാണ് മരുമകൻ മന്ത്രിക്കുള്ളത്. ഒരു ലജ്ജയുമില്ലാതെ തട്ടിപ്പ് നടത്തുന്നവരെ ന്യായീകരിക്കാൻ മന്ത്രിമാർക്കു പോലും പറ്റുന്നില്ല. കോൺഗ്രസിന്റെ ഭരണകാലത്ത് അഴിമതിപ്പണം വീതം വയ്ക്കുമായിരുന്നെങ്കിൽ ഇപ്പോൾ എല്ലാം മുഖ്യമന്ത്രിക്കു മാത്രമാണ് ലഭിക്കുന്നത്. അതാണ് അഴിമതിയെ പ്രതിരോധിക്കാൻ ആരും വരാത്തതിനു കാരണം.
ജൂനിയർ മന്ത്രിമാരെ വച്ച് മരുമകനെക്കൊണ്ട് ഭരണം നടത്തിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. കേരളത്തിലെ മന്ത്രിമാരിൽ ആർക്കും പ്രതിച്ഛായ ഇല്ല. ഇന്റർനെറ്റ് ഇത്രയും സുഗമമായി ലഭിക്കുന്ന നാട്ടിൽ കെ-ഫോൺ തട്ടിപ്പ് മാത്രം ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്.’
Post Your Comments