തിരുവനന്തപുരം: ടി.വി കാണാൻ പോയ അനിയത്തിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെൺകുട്ടിയുടെ അയൽവാസിയായ സുധീഷിനെ ആണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ആണ് ശിക്ഷ വിധിച്ചത്. ജഡ്ജി ആജ് സുദർശൻ ആണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു. പിഴ തുക കുട്ടിക്ക് നൽകണം.
2021 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അനിയത്തി സമീപത്തുള്ള പ്രതിയുടെ വീട്ടിൽ ടി.വി കാണാൻ പോയതാണ്. ഈ സമയം വീടിന് നടയിൽ ഇരിക്കുകയായിരുന്ന പ്രതി കുട്ടി തിരിച്ച് ഇറങ്ങിയപ്പോൾ കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. ഈ സംഭവം കുട്ടി പ്രതിയുടെ അമ്മയോട് ഉടനെ പറഞ്ഞതിനെ തുടർന്ന് അമ്മ പ്രതിയെ പറഞ്ഞ് വിലക്കിയെങ്കിലും പ്രതി അസഭ്യം വിളിക്കുകയായിരുന്നു. ജോലിക്ക് പോയ ശേഷം കുട്ടിയുടെ അമ്മ വീട്ടിൽ എത്തിയപ്പോൾ കുട്ടി വിവരം പറയുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈനാണ് പൂജപ്പുര പൊലീസിൽ വിവരം അറിയിച്ചത്.
പ്രോസിക്യൂഷൻ പതിനെട്ട് സാക്ഷികളേയും പതിനെട്ട് രേഖകളും ഹാജരാക്കി. പൂജപ്പുര എസ് ഐമാരായിരുന്ന അനൂപ് ചന്ദ്രൻ, വി.പി പ്രവീൺ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. ആർ വൈ.അഖിലേഷ് എന്നിവർ ഹാജരായി.
Post Your Comments