കുറവിലങ്ങാട്: തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടില്‍ മാമ്പഴം ചോദിച്ചെത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. ഇടുക്കി മുട്ടം കണ്ണാടിപാറ ഇല്ലിചാരി പള്ളിമുക്ക് തോപ്പില്‍പറമ്പില്‍ അഷ്റഫ്( ഉസ്താദ് -58), എറണാകുളം മടക്കത്താനം വടക്കേക്കര ലിബിന് ബെന്നി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25-ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. സ്കൂട്ടറില്‍ ഇവര്‍ ഉഴവൂര്‍ പെരുന്താനം ഭാഗത്തുള്ള വൃദ്ധയുടെ വീട്ടിലെത്തി വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന വൃദ്ധയോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിച്ചു. ഇത് എടുക്കാന്‍ ഇവര്‍ അകത്തു പോയ സമയത്ത് പ്രതികളില്‍ ഒരാള്‍ വൃദ്ധയുടെ പിന്നാലെ അകത്തു കടക്കുകയും ഇവരെ ബലം പ്രയോഗിച്ച് കട്ടിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയില്‍ കിടന്നിരുന്ന ആറു വളകളും രണ്ടു മോതിരവും ബലമായി ഊരിയെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മോഷ്ടാക്കളെ പിടികൂടുകയായിരുന്നു. മോഷണമുതല്‍ വില്ക്കാന് സഹായിച്ചതിനാണ് ലിബിന് ബെന്നിയെ പിടികൂടിയത്. ഇരുവരെയും തൊടുപുഴ ഭാഗത്തുനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. ലിബിന് ബെന്നിക്ക് തൊടുപുഴ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിലും അഷറഫിന് തൊടുപുഴ സ്റ്റേഷനിലും കേസുകളുണ്ട്.
കൂട്ടുപ്രതിക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments