കൊൽക്കത്ത: സുദീപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറിയെന്ന സിനിമ കണ്ടതോടെയാണ് താൻ ലൗ ജിഹാദിന്റെ ഇരയാണെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന ആരോപണവുമായി മോഡൽ മൻവി രംഗത്ത്. റാഞ്ചിയിലെ ഒരു മോഡലിംഗ് ഏജൻസിയിൽ വെച്ച് യാഷ് എന്ന ആളുമായി താൻ പ്രണയത്തിലായെന്നും എന്നാൽ അയാളുടെ യഥാര്‍ത്ഥ പേര് തന്‍വീര്‍ അഖ്ത എന്നാണെന്ന് വളരെ വൈകിയാണ് താൻ തിരിച്ചറിഞ്ഞതെന്നും മൻവി പറയുന്നു. മോഡലിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമയാണ് ഇയാൾ. സിനിമയാണ് ഇയാൾക്കെതിരെ പരാതി നൽകാൻ തനിക്ക് ധൈര്യം നൽകിയതെന്നും മോഡലായ മൻവി വ്യക്തമാക്കി.
ബിഹാർ സ്വദേശിയാണ് മൻവി എന്ന യുവതി. റാഞ്ചിയിലെ യാഷ് മോഡലിംഗ് ഏജൻസിയിൽ ചേർന്ന ശേഷമായിരുന്നു തൻവീറുമായി യുവതി സൗഹൃദത്തിലാകുന്നതും പതിയെ പ്രണയത്തിലേക്ക് വഴുതിവീണതും. മതം മാറാനും തന്നെ വിവാഹം കഴിക്കാനും തൻവീർ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയെന്ന് മൻവി ആരോപിച്ചു. തൻവീർ തന്റെ ചില ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്നും അവർ ആരോപിച്ചു. അയാൾ തന്റെ ഫോട്ടോകൾ (അയാൾക്കൊപ്പമുള്ളത്) തന്റെ കുടുംബത്തിലേക്ക് അയച്ചുകൊടുത്തുവെന്നും യുവതി ആരോപിക്കുന്നു.
ഹോളി ആഘോഷത്തിനിടെ തൻവീർ തനിക്ക് ലഹരി നൽകിയെന്നും പിന്നീട് തന്റെ അടുത്ത് നിന്ന് ചിത്രങ്ങൾ എടുത്തെന്നും മൻവി ആരോപിച്ചു. തുടർന്ന് തൻവീർ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാനും ഉപദ്രവിക്കാനും തുടങ്ങിയെന്നാണ് യുവതിയുടെ വാദം. മൻവിയുടെ പരാതിയിൽ തൻവീറിനെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൻവി പരാതി നൽകിയതിന് പിന്നാലെ തൻവീർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. താൻ ഒരു ഉപദ്രവവും ഉദ്ദേശിച്ചിട്ടില്ലെന്നും ഒരുമിച്ച് ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അയാൾ വ്യക്തമാക്കി.
Post Your Comments