ഇടുക്കി: അരിക്കൊമ്പന്‍ ലോവര്‍ ക്യാംപില്‍ നിന്ന് കമ്പം ടൗണില്‍ എത്തിയത് മുതൽ ജനം ആശങ്കയിലാണ്. അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ ഇതിനോടകം തകർത്തതായി റിപ്പോർട്ട്. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. കൊമ്പത്ത് നിന്നും നേരത്തെ വിഹരിച്ചിരുന്ന ചിന്നക്കനാലിലേക്ക് ആനയുടെ യാത്രയെന്ന് നിശ്ചയം. ഏകദേശം 80 കിലോമീറ്റർ ദൂരമുണ്ട് ഇവിടെ നിന്നും ചിന്നക്കനാലിലേക്ക്. ആനയെ തിരിച്ച് കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ടൗണിലേക്ക് ഇറങ്ങിയത് വനംവകുപ്പിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. പരിഭ്രാന്തിയിലായ ജനം ആനയെ ഓടിക്കാൻ പിന്നാലെ കൂക്കിവിളിക്കുന്നുമുണ്ട്.
കമ്പംമെട്ട് ഭാഗത്തുനിന്നു ഗൂഡല്ലൂർ– തേവാരം വഴി ചിന്നക്കനാൽ ലക്ഷ്യമിട്ടാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്ന സംശയത്തിലാണ് വനംവകുപ്പ്. കേരളാ – തമിഴ്‌നാട് വനം വകുപ്പുകൾ കൃത്യമായ നിരീക്ഷണത്തിലാണ്. രണ്ട് സംഘങ്ങളും വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. മേഘമലയിൽ തമിഴ്നാട് വനംവകുപ്പ് ഉപയോഗിച്ചിരുന്ന ആൻറിനയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ തേക്കടിയിലും നിരീക്ഷിക്കുന്നുണ്ട്.
ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഇന്നലെ കുമളിയിൽ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു ഇന്നലെ ആന.
Post Your Comments