കന്യാകുമാരി: ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്നേക്ക് നാല് മാസം തികയുകയാണ്. നാലു മാസം കൊണ്ട് ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടുകൊമ്പന് ഉണ്ടായിരിക്കുന്നത് വലിയ മാറ്റങ്ങളാണെന്ന് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നു. പുതിയ ഇടത്ത് അരിക്കൊമ്പന് പുതിയ കുടുംബവും കൂട്ടുകാരും ഒക്കെ ആയെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. രണ്ട് കുട്ടിയാനകൾ ഉൾപ്പെടുന്ന പത്തംഗ കാട്ടാന സംഘത്തിലാണത്രെ ഇപ്പോൾ അരിക്കൊമ്പനുള്ളത്.
തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. ജൂൺ മാസം മുതൽ അരിക്കൊമ്പൻ ഇവിടെത്തന്നെയുണ്ട്. ഇതിനിടയിലാണ് കോതയാർ വനത്തിലെ കാട്ടാനസംഘത്തിൽ അരിക്കൊമ്പന് പ്രവേശനം ലഭിച്ചത്. ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല. ഇവിടെ നിന്നു കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല.
ചിന്നക്കനാലിൽ ആഴ്ചയിലൊരിക്കലെങ്കിലും ജനവാസമേഖലയിൽ അരിക്കൊമ്പൻ എത്തുമായിരുന്നു. മയക്കുവെടി വെച്ച് അവിടെ നിന്ന് പിടികൂടി പെരിയാറിലേക്ക് മാറ്റിയപ്പോഴും അരി തേടിയുളള കൊമ്പന്റെ ശീലത്തിൽ മാറ്റം വരുത്തിയിരുന്നില്ല. മേഘമലയിലെ എസ്റ്റേറ്റിൽ ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ അരിക്കൊമ്പൻ കുമളിയിലേക്കും കമ്പത്തേക്കും നടന്നെത്തിയിരുന്നു. കമ്പത്ത് നിന്ന് മയക്കുവെടിവെച്ച് കളക്കാട്ടേക്ക് മാറ്റിയ അരിക്കൊമ്പന് വലിയ മാറ്റമാണുണ്ടായത്.
Post Your Comments