Latest NewsKeralaIndia

അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം: കേരളത്തിൽ ആരാധക ബാഹുല്യമുള്ള അവന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മൂന്നാർ: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ഭീതിപടർത്തിയിരുന്ന അരിക്കൊമ്പനെ കാടുകടത്തിയിട്ട് നാളെ ഒരുവർഷം തികയും. 2023 ഏപ്രിൽ 29 നാണ് അരിക്കൊമ്പനെ ചിന്നക്കനാൽ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച് പിടികൂടിയത്. കേരള വനം വകുപ്പ് ആദ്യം പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പനെ പിന്നീട് തമിഴ്നാട് വനംവകുപ്പ് പിടികൂടി കോതയാർ വനമേഖലയിൽ തുറന്നുവിടുകയായിരുന്നു.

തമിഴ്നാട്ടിലെ തിരുനെൽവേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. 2023 ഏപ്രിൽ 29 ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ ആദ്യം പെരിയാർ കടുവാസങ്കേതത്തിലേക്കു മാറ്റിയത്. എന്നാൽ, നാലു ദിവസങ്ങൾക്കു ശേഷം തമിഴ്നാട് കമ്പത്തെ ജനവാസ മേഖലകളിലിറങ്ങിയ അരിക്കൊമ്പൻ വഴിയാത്രക്കാരനെ ആക്രമിച്ചു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തുടർന്നു തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ തിരുനെൽവേലി ജില്ലയിലെ കോതയാർ വനമേഖലയിലേക്കു മാറ്റി. നിലവിൽ പിടിയാനക്കൂട്ടത്തോടൊപ്പം കോതയാർ വനത്തിലാണ് അരിക്കൊമ്പനുള്ളത്.

ഏകദേശം 30 വയസ് പ്രായമുള്ള അരിക്കൊമ്പൻ ഒരു വയസ് മാത്രം പ്രായമുള്ള സമയത്താണ് മൂന്നാറിലെ ചിന്നക്കനാലിൽ പ്രത്യക്ഷപ്പെടുന്നത്. രോഗിയായ അമ്മയ്‌ക്കൊപ്പമാണ് തങ്ങൾ ആദ്യമായി അരിക്കൊമ്പനെ കണ്ടതെന്ന് ചിന്നക്കനാൽ വാസികൾ പറയുന്നു. സാധനങ്ങൾ മോഷ്ടിക്കുന്ന ആന ആയതിനാൽ അവർ ആനയെ ആദ്യം വിളിച്ച പേര് കള്ളക്കൊമ്പൻ എന്നാണ്.

അരിയാണ് ഈ ആനയുടെ ഇഷ്ട വിഭവം. അങ്ങനെയാണ് അരിക്കൊമ്പൻ എന്ന പേര് വീണത്. അരിയുടെ മണം പെട്ടന്ന് തിരിച്ചറിയാനുള്ള കഴിവ് അരിക്കൊമ്പനുണ്ട്. അരി കിട്ടാൻ വേണ്ടി വീടുകളും റേഷൻ കടകളും അരിക്കൊമ്പൻ ആക്രമിച്ചിരുന്നു. അരിക്ക് വേണ്ടി ചിന്നക്കനാലിലെ കോളനികളിൽ അരിക്കൊമ്പൻ കയറിയിറങ്ങിയിരുന്നു. രാത്രി വാതിലുകളും ജനലുകളും പൊളിച്ച് അകത്ത് കടക്കുന്ന ശീലം വരെ അരിക്കൊമ്പന് ഉണ്ടായിരുന്നു.

തുടർച്ചയായി റേഷൻ കടകൾ തകർത്ത് അരി ഭക്ഷിക്കുന്ന കാട്ടാനയ്ക്ക് ചിന്നക്കനാലുകാർ സ്നേഹത്തോടെ അരിക്കൊമ്പനെന്ന് പേര് നൽകി. എന്നാൽ അരിക്കൊമ്പൻറെ ആക്രമണം പതിവായതോടെ സ്നേഹം ഭയത്തിന് വഴിമാറി. കാട്ടാനയെ ചിന്നക്കനാലിൽ നിന്നും മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതോടെ കേരള ചരിത്രത്തിൽ അന്നേവരെ കണ്ടിട്ടില്ലത്ത ദൗത്യത്തിന് വനം വകുപ്പ് ഇറങ്ങി പുറപ്പെട്ടു. മൂന്ന് ദിവസം നീണ്ട് നിന്ന ദൗത്യത്തിന് 80 ലക്ഷം രൂപയാണ് ചെലവായത്.

അരിക്കൊമ്പൻ പോയതിനു ശേഷവും ചിന്നക്കനാൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. വീടുകൾക്കും കടകൾക്കും എതിരെയുള്ള കാട്ടാന ആക്രമണങ്ങൾ കുറഞ്ഞെങ്കിലും കഴിഞ്ഞ 4 മാസത്തിനിടയിൽ ചിന്നക്കനാൽ, ആനയിറങ്കൽ മേഖലയിൽ രണ്ടു പേരെയാണു കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. പന്നിയാർ സ്വദേശിനി പരിമളം (44), ചിന്നക്കനാൽ സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ (68) എന്നിവരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. അരിക്കൊമ്പനെ കാടുകടത്തിയശേഷം ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ മേഖലയിൽ ഭീതി പരത്തുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഇതുകൂടാതെ മുറിവാലൻ കൊമ്പൻ എന്ന ഒറ്റയാനും പ്രദേശത്ത് നാട്ടുകാർക്ക് ഭീഷണിയാണ്. ഈ 2 ഒറ്റയാൻമാർ ഉൾപ്പെടെ 19 ആനകളാണു ചിന്നക്കനാൽ മേഖലയിലുള്ളത്. ഇതിൽ 2 വയസ്സിലധികമുള്ള 4 കുട്ടിക്കൊമ്പന്മാരും ഉണ്ടെന്നാണു വനംവകുപ്പ് അധികൃതർ പറയുന്നത്. ഭാവിയിൽ ഈ കുട്ടിക്കൊമ്പൻമാരും ഭീഷണിയാകുമെന്ന ആശങ്കയാണു നാട്ടുകാർക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button